Bringing Blog to Fb-2 ആകാശം - TopicsExpress



          

Bringing Blog to Fb-2 ആകാശം നഷ്ടപ്പെട്ട പറവകള്‍ ... വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം. പകുതി ദൂരം ഞങ്ങള്‍ ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍ ചിലപ്പോള്‍ അവളും എന്നില്‍ നിന്ന് അകലാറുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ . ഇത്തവണ യാത്ര ആരംഭിക്കുമ്പോഴേ ഞാന്‍ തീരുമാനിച്ചിരുന്നു. ഇനിയില്ല ഈ ആവര്‍ത്തനങ്ങള്‍ . വിദൂരക്കാഴ്ചയായി മാറിയ ഏറെയുണ്ട് ഈ ഭൂമിയില്‍ കാണാന്‍ . കാതങ്ങള്‍ പറന്നാലും തളരാത്ത ചിറകുകളുള്ളപ്പോള്‍ എന്ത് കൊണ്ട് ദിശ മാറി പറന്നു കൂടാ? ലോകം വിശാലമാണ്. നമ്മുടെ കാഴ്ചകളും വിശാലമാക്കണ്ടേ? എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്നത്തേയും പോലെ അവള്‍ മൗനം. എന്റെ കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ ആരാധന നിറഞ്ഞ ആ മിഴികള്‍ വിടരുന്നതായി കണ്ടു ഞാന്‍ അഹങ്കരിച്ചു. അവളല്ലെങ്കിലും അത്രയെ ഉള്ളൂ.. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ ശ്രമിക്കാത്ത വെറും പെണ്ണ്. മഞ്ഞിനെയും മഴയും നിലാവിനെയും സ്നേഹിച്ചു പാട്ട് പാടുന്നവള്‍ . അവളുടെ ഗാനങ്ങള്‍ മധുരതരമാണ്. എങ്കിലും അതിന്റെ ആവര്‍ത്തിക്കുന്ന ഈണങ്ങളെ ഞാന്‍ പരിഹസിക്കാറുണ്ട്. അപ്പോഴും അവളാ പാട്ടുകള്‍ എനിക്കായി പാടിക്കൊണ്ടേയിരിക്കും. ഇടക്കൊക്കെ മിന്നി മറയുന്ന പരിഭവത്തോടെ.... ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും വഴി മാറി പറന്ന ആദ്യ സാഹസികനല്ല ഞാന്‍ . എന്റെ മുത്തച്ഛനും ഒരിക്കല്‍ പോയതാണ്. പിന്നെ കൂട്ടത്തില്‍ നിന്നും ആജീവനാന്തം വിലക്കിയെങ്കിലും രഹസ്യമായി എന്നെ കാണാന്‍ വരുമ്പോഴെല്ലാം പറഞ്ഞു തരുന്ന കഥകളില്‍ നിന്നുമാണ് ലോകത്തിന്റെ മറ്റൊരു പകുതിയെ ഞാന്‍ അറിഞ്ഞത്. വഴി മാറി പറക്കലിലെ അപകടത്തെക്കുറിച്ചും മുത്തച്ഛന്‍ തന്നെയാണ് മുന്നറിയിപ്പ് തന്നിരുന്നത്. മഞ്ഞിനും സമുദ്രത്തിനും മുകളിലൂടെയുള്ള പറക്കലുകളില്‍ വല്ലപ്പോഴും അപൂര്‍വ്വമായി കാണാറുള്ള മനുഷ്യര്‍ പക്ഷെ ഭൂമിയുടെ മറുപാതിയില്‍ ഒരുപാടുണ്ടത്രേ. ഞങ്ങളുടെ തീരങ്ങളില്‍ മഞ്ഞുരുകി തീരുന്നതിനും കാരണം അവരാണത്രേ . മുകളില്‍ നിന്നുള്ള കാഴ്ചയില്‍ വെറുമൊരു കറുത്ത പൊട്ടായി കാണുന്ന ഈ ജീവികള്‍ ഇത്രയും അപകടകാരികളോ? വിശ്വസിക്കാനായില്ല അത് കൊണ്ട് തന്നെയാണ് ആ മുന്നറിയിപ്പ് അവഗണിച്ചും ഏക്കറുകള്‍ പരന്നു കിടക്കുന്ന മാന്ഗ്രൂ കാടുകളുടെ മുകളിലൂടെ പറന്നത്. എങ്ങും പച്ചപ്പുകള്‍ നഷ്ടമായ ആ കാടിന് മുകളിലൂടെ പറക്കുമ്പോഴാണ് ചിറകുകള്‍ തളരുന്നതായി അവളാദ്യം പരാതിപ്പെട്ടത്. ഒട്ടൊരു അവിശ്വസനീയതയോടെയാണ് ഞാനത് കേട്ടത്. വിശാലമായ സമുദ്രങ്ങള്‍ക്ക് മുകളിലൂടെ ആഴ്ചകള്‍ തുടര്‍ച്ചയായി പറന്നാലും തളരാത്ത ചിറകുകള്‍ .. ഇപ്പോള്‍ തളരുന്നെന്നോ.. തോന്നലാകും. ഞാനവളെ ആശ്വസിപ്പിച്ചു. പക്ഷെ പിന്നെയും കാതങ്ങള്‍ പറന്നപ്പോള്‍ എനിക്കും ചിറകുകള്‍ തളരുന്നതായി മനസ്സിലായി.. കാണുന്ന കാഴ്ചകളില്‍ , ശ്വസിക്കുന്ന വായുവില്‍ എല്ലാം വിഷം നിറയുന്ന പോലെ.. മുത്തച്ഛന്‍ പറഞ്ഞ കഥകളില്‍ ഇവിടെയെവിടെയോ ഒരു കടലുണ്ട്. ചിറകുകള്‍ കുഴഞ്ഞവള്‍ തളര്‍ന്നപ്പോള്‍ ഞാനാശ്വസിപ്പിച്ചു. കടലിന്റെ അപാരത ഞങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നും പരിചിത സാഹചര്യങ്ങള്‍ ഞങ്ങളുടെ ചിറകുകള്‍ക്ക് കരുത്തേകുമെന്നും ഞാന്‍ പ്രത്യാശിച്ചു. അവള്‍ തീര്‍ത്തും തളര്‍ന്നെന്ന് ബോധ്യമായപ്പോഴാണ് പറന്നിറങ്ങിയത്. ചുറ്റും മണലാരണ്യം .. എവിടെപ്പോയി കടല്‍ ? ഇത് തന്നെയാണ് കടല്‍ . മാഞ്ഞു പോയൊരു കടല്‍ !! അവള്‍ പതിയെ മൊഴിഞ്ഞു. ഞാന്‍ അത്ഭുതത്തില്‍ അവളെ നോക്കി നിനക്ക് ചുറ്റുമുള്ള ചെറിയ കാഴ്ചകളെ കാണാതെ എങ്ങോട്ടാണ് നിന്റെ ദൃഷ്ടികളെ നീ തിരിച്ചു വെക്കുന്നത്? പതിവില്ലാത്ത വിധം ഗൌരവത്തിലാണ് അവള്‍ ചോദിച്ചത്. മണല്‍ തിട്ടകളില്‍ ഉറച്ചു പോയ കപ്പലുകള്‍ .. കാല്‍ക്കീഴില്‍ കടല്‍ജീവികളുടെ പുറംതോട്.. ചിറകടിയില്‍ ഉയര്‍ന്നു വരുന്ന മണലിന്റെ ഉപ്പുരസം. എന്റെ കാഴ്ചകളെ ചുറ്റുവട്ടങ്ങളിലേക്ക് തിരിച്ചപ്പോഴാണ് ഇതെല്ലാം എനിക്ക് ശ്രദ്ധിക്കാനായത്. കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍ . വറ്റിപ്പോയാല്‍ അതും വെറുമൊരു മരുഭൂമി. വിദൂരതയിലേക്ക് ഉറ്റു നോക്കി അവള്‍ പറഞ്ഞു നീ ചോദിക്കാറില്ലേ .. പരിഹസിക്കാറില്ലേ .. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ കഴിയാത്തവള്‍ എന്ന്. ദീര്‍ഘദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ് ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ത്യാഗം. അത് ഇല്ലാതായാല്‍ ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെ പോലെയാകും നിങ്ങള്‍ അവളുടെ സ്വരത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നിരിക്കുന്നു. നിന്റെ തളര്‍ച്ച കഴിഞ്ഞെങ്കില്‍ നമുക്ക് പറക്കാം. വഴിയേറെ പിന്നിടാനുണ്ട് ഇനിയും ഞാന്‍ അക്ഷമനായി എങ്ങോട്ട്? ഇനി നമുക്ക് പറക്കാന്‍ ആകാശമില്ല . അത് നീ നഷ്ടപ്പെടുത്തിയില്ലേ? ഇവിടെയാണ്‌ നമ്മുടെ ഒടുക്കം എന്ന് പോലും നിനക്കിത് വരെ മനസ്സിലായില്ലേ? അവളുടെ കണ്ണുകളില്‍ വാല്‍സല്യം. ഞാന്‍ ചിറകാഞ്ഞടിച്ചു നോക്കി. കഴിയുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ഒരു ചുടു കാറ്റ് പൊതിയുന്നത് ഞാനറിഞ്ഞു. എരിയുന്ന മിഴികളില്‍ നീര്‍ നിറഞ്ഞു. നിസ്സഹായനാകുന്ന എന്റെ അരികിലെക്കവള്‍ ചേര്‍ന്ന് നിന്നു ചോദിച്ചു . സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ? ആശ്വസിപ്പിക്കുന്ന പോലെ ചിറകിനടിയിലേക്ക് അവളെന്നെ ചേര്‍ത്ത് പിടിച്ചു. നിരാശയുടെയും ഭയത്തിന്റെയും ചൂടില്‍ എന്റെ മിഴികള്‍ ഉരുകുമ്പോള്‍ നിസ്സംഗതയുടെ ശാന്തതയായിരുന്നു അവളുടെ മിഴികളില്‍ എല്ലാമറിഞ്ഞിട്ടും നിന്റെ വഴികളെ പിന്തുടരാതിരിക്കാനെനിക്കാവില്ലായിരുന്നു. നീയെന്ന സാഹസികനാണ് എന്റെ നായകന്‍ . നിനക്കായ്‌ ഞാന്‍ സ്വയം സമര്‍പ്പിച്ചതാണ് . ഒരു പെണ്ണിന് മാത്രം കഴിയുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ അത്? അവസാന വാചകം കൂടുതല്‍ ഊന്നിയാണ് അവള്‍ പറഞ്ഞത്. സ്നേഹം വറ്റിപ്പോയ കാലത്തിന്റെ പ്രതീകം പോലെയുള്ള ഈ കടല്‍ മരുഭൂമിയിലാണ് നമ്മുടെ ജീവിതത്തിന്റെ സക്ഷാല്‍ക്കാരം അവളെ ആദ്യമായി ഏറെ ബഹുമാനത്തോടെ, ആദരവോടെ ഞാന്‍ നോക്കി. പിന്നെ പറഞ്ഞു. നമ്മള്‍ ചോദിച്ചു വാങ്ങിയ അവസാനം നമ്മുടെ കൂട്ടുകാര്‍ക്ക് അവരറിയാതെ തന്നെ വന്നു ചേരും. നമ്മുടെ ലോകം നമുക്ക് നഷ്ടമാകും. നമ്മളെ പോറ്റി വളര്‍ത്തിയ തീരത്ത് തന്നെ ചിറകുകള്‍ തളര്‍ന്നു അവരും കൊഴിഞ്ഞു വീഴും. വഴി മാറി പറന്നത് നമ്മെ നിലനിര്‍ത്തുന്ന ഒരു വിപ്ലവം പ്രതീക്ഷിച്ചാണ്. തോറ്റു പോയി. എങ്കിലും എല്ലാറ്റിനും കാരണമായ ഈ വിചിത്ര ജീവികളോട് നമുക്ക് വിദ്വേഷമൊന്നുമില്ല അല്ലെ ?? നമുക്ക് എല്ലാവരെയും സ്നേഹിക്കാനല്ലേ അറിയൂ.. അവര്‍ക്ക് അവരെപ്പോലും സ്നേഹിക്കാതിരിക്കാനും അവളുടെ ശബ്ദം നേര്‍ത്ത് തുടങ്ങിയിരുന്നു.അപ്പോഴും അവളുടെ ചിറകിന്റെ സാന്ത്വനത്തില്‍ എന്നെ ചേര്‍ത്ത് പിടിക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്തും ഭൂമിയിലും പിന്നെ ഞങ്ങളുടെ മിഴികളിലും പരക്കുന്നത് തിരിച്ചറിഞ്ഞ് ഇരവിന്റെ ഇരുളിനായ്‌ ഞങ്ങള്‍ കാത്തിരുന്നു........ തുടര്‍ച്ച ... ദേശാടനക്കിളി - ആര്‍ട്ടിക്ക്‌ ടേണ്‍ . ലോകത്ത് ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളി. നൂറു ഗ്രാം മാത്രം ഭാരമുള്ള ഈ കൊച്ചു പക്ഷി ഓരോ വര്‍ഷവും പറക്കുന്നത് ഏതാണ്ട് 71,000 കിലോമീറ്ററാണ്!!. ആര്‍ട്ടിക്കിലെ ഗ്രീന്‍ലാന്‍ഡ്‌ മുതല്‍ അന്റാര്‍ട്ടിക്കിലെ വെഡേല്‍ സീ വരെയും തിരിച്ചുമുള്ള ഈ പറക്കലില്‍ ദിവസേന 300-400 കിലോമീറ്റര്‍ ഇവ പിന്നിടും. ഇവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ഏതാണ്ട് ഭൂമധ്യ രേഖ വരെ ഒന്നിച്ചു പറക്കുന്ന ഇവ പിന്നീട് രണ്ടു വഴികളിലേക്ക് പിരിയുകയും അന്റാര്‍ട്ടിക്കില്‍ വച്ച് വീണ്ടും ഒരുമിക്കുകയും ചെയ്യുന്നു എന്നാണ്. ആഗോള താപനം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്ന്. മാന്ഗ്രൂ കാടുകള്‍ - വിയറ്റ്‌നാമിലെ പ്രശസ്തമായ Mangrove Forest അമേരിക്ക - വിയറ്റ്‌നാം യുദ്ധകാലത്ത് എജെന്റ്റ്‌ ഓറഞ്ച് എന്ന മാരകമായ രാസായുധം തളിക്കപ്പെട്ട കാടുകള്‍ . ഗറില്ല യുദ്ധമുറയിലൂടെ അമേരിക്ക വിയറ്റ്നാമിനോട് തോല്‍വി ഏറ്റുവാങ്ങാന്‍ തുടങ്ങിയപ്പോഴാണ് വിയറ്റ്‌നാം പോരാളികള്‍ ഒളിച്ചിരുന്ന ഈ കാടുകള്‍ നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. മാരകമായ വിഷമായ എജെന്റ്റ്‌ ഓറഞ്ച് അടക്കം ഒരുപാട് രാസായുധങ്ങളാണ് ഏതാണ്ട്‌ മുപ്പതു ലക്ഷം ഹെക്റ്റര്‍ വനഭൂമിയില്‍ തളിച്ചത്. ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ആഘാതങ്ങളില്‍ ഒന്നാണ് ഇത്. ആ വിഷത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ ഇന്നും ആ പ്രദേശത്തെ സസ്യ- ജീവി വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മാഞ്ഞു പോയ കടല്‍ - ആറല്‍ കടല്‍ (Aral Sea) പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന , ഇപ്പോള്‍ ഖസാക്കിസ്ഥാന്റെയും ഉസ്ബെക്കിസ്ഥാന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടല്‍ . 1960കള്‍ക്ക് മുന്‍പ് ഏതാണ്ട് 68,000 സ്ക്വയര്‍ കിലോമീറ്റര്‍ ഏരിയയില്‍ (കേരളത്തിന്റെ മൊത്തം ഏരിയയുടെ ഇരട്ടിയോളം വരുമിത് ) പരന്നു കിടന്നിരുന്ന ഈ ജലാശയത്തില്‍ ഇന്നവശേഷിക്കുന്നത് 3000 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം. ലോകം കണ്ട ഏറ്റവും വലിയ ജലനഷ്ടത്തിന്റെ കഥയാണ് ആറല്‍ കടല്‍ . സോവിയറ്റ് യൂണിയന്‍ ആരംഭിച്ച രണ്ടു അണക്കെട്ടുകളാണ് ഈ കടലിന്റെ അന്ത്യം കുറിച്ചത്. ഒരു Ecosystem തന്നെയാണ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്
Posted on: Sat, 29 Mar 2014 12:35:20 +0000

Trending Topics



Recently Viewed Topics




© 2015