FILM : AUTUMN (2008) COUNTRY : TURKEY GENRE : DRAMA DIRECTOR : - TopicsExpress



          

FILM : AUTUMN (2008) COUNTRY : TURKEY GENRE : DRAMA DIRECTOR : OZCAN ALPER ശബ്ദങ്ങളും, ദൃശ്യങ്ങളും സമ്മേളിക്കുന്നതിലൂടെ ജീവൻ തുടിക്കുന്ന ജീവിതക്കാഴ്ചകൾ നിറയുന്ന സിനിമാ കാവ്യങ്ങൾ പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണ് കിനിഞ്ഞിറങ്ങാറുള്ളത്. ഇവിടെ സിനിമ അതിന്റെ എല്ലാ സൗന്ദര്യവും ഒഴുക്കി വിടുന്നത് ഹൃദയം നടക്കനാഗ്രഹിക്കുന്ന വൈകാരിക പ്രതലങ്ങളിലേക്കാണ്. അത്തരത്തിൽ മന്ദമായി നമുക്ക് മുന്നിലേയ്ക്ക് പൊഴിക്കപ്പെടുന്ന ജീവിതക്കാഴ്ച്ചകളാണ് AUTUMN (SONBAHAR) എന്ന ടർകിഷ് സിനിമ സമ്മാനിക്കുന്നത്. ഭൂതകാലത്തിന്റെ നഷ്ടങ്ങളെ ഇന്നിന്റെ ശൂന്യതയിൽ അടർത്തി മാറ്റുമ്പോഴുള്ള മനുഷ്യ മനസ്സിന്റെ പ്രയാസങ്ങളും ഈ സിനിമ നമുക്കായി കരുതി വെച്ചിരിക്കുന്നു. പത്ത് വർഷത്തെ രാഷ്ട്രീയ തടവ്‌ കഴിഞ്ഞ് തന്റെ ഗ്രാമത്തിലേയ്ക്ക് തിരിച്ചെത്തുന്ന യൂസുഫ് എന്ന വ്യക്തിയുടെ സംഘർഷങ്ങളെയാണ് സിനിമ പിന്തുടരുന്നത്. മാതാവ് മാത്രം അവശേഷിച്ചിട്ടുള്ള മലഞ്ചെരുവിലെ വീട്ടിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ നഷ്ടങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. സുഹൃത്തുകളിൽ മിഖായിൽ ഒഴികെയെല്ലാവരും ജിവിതത്തിന്റെ ഒഴുക്കിൽ പെട്ട് പലയിടങ്ങളിലേയ്ക്ക് വേരറ്റു പോയിരിക്കുന്നു. നിലയുറപ്പിക്കാൻ കഴിയാത്ത വിധം മാറിയിട്ടുള്ള ഈ പുറംലോകത്തിലേയ്ക്ക് ജയിൽ സമ്മാനിച്ച രോഗങ്ങളുമായാണ് യൂസുഫ് എത്തിയിട്ടുളത്. മിഖായിൽ എന്ന സുഹൃത്തിനൊപ്പം നടത്തുന്ന യാത്രകളിലൂടെ ഇന്നലെകളിൽ നിന്നും തന്റെ മനസ്സിനെ കട പുഴക്കിയെടുത്ത് പുതിയ കാലത്തിലേയ്ക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് യൂസുഫ്. തുർക്കി-ജോർജിയ അതിർത്തിയിലുള്ള പട്ടണത്തിലേക്കുള്ള സഞ്ചാരങ്ങളിൽ EKA എന്ന ജോർജിയക്കാരിയായ അപഥസഞ്ചാരിണിയെ കണ്ടു മുട്ടുന്നതോടെ അയാളുടെ മന:സംഘർഷങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരുന്നു. ഈ കൂടിച്ചേരലുകൾ അവരിൽ പ്രണയത്തിന്റെ നാമ്പുകൾ കിളിർക്കാൻ കാരണമാകുന്നു. വികാര വിക്ഷോഭങ്ങളുടെ പട തന്നെ അടരാടിയിട്ടുള്ള അവരുടെ ജീവിതങ്ങളെ ഈ പ്രണയ തീക്ഷണത എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ അന്ത്യ രംഗങ്ങൾ അനുഭവിപ്പിക്കുന്നത്. പ്രണയം, മരണം, രാഷ്ട്രീയം എന്നീ ആശയങ്ങളാണ് ഉയർച്ച-താഴ്ചകളും , കലുഷതയും, ഗതി വ്യത്യാസങ്ങളും നിറഞ്ഞ ഇവരുടെ ജീവിതത്തിന്റെ അരികിലിരുന്ന് വീക്ഷിക്കുന്ന നമ്മിലേയ്ക്ക് ചിതറി തെറിക്കുന്നത്‌. യൂസുഫ്-ഈക എന്നിവരുടെ മനസ്സിനെയും, മന:സംഘർഷങ്ങളെയും പ്രകൃതിയുടെ നിറ സാന്നിധ്യത്താൽ അലംകൃതമായ ഫ്രൈമുകളോട് ചേർത്ത് അവതരിപ്പിച്ചത് സിനിമയ്ക്ക്‌ കാവ്യതലം പകർന്നു നൽകുന്നു. മനുഷ്യ മനസ്സിന്റെയും , ജീവിതത്തിന്റെയും എല്ലാ വിക്ഷുബ്ദതകളെയും ദ്യോതിപ്പിക്കാൻ കെൽപ്പുള്ള കടലും, അതിന്റെ അലയൊലികളും തീർത്ത ഫ്രൈമുകൾ CINEMATOGRAPHY ഈ സിനിമയുടെ താങ്ങുപലകയാണെന്ന സത്യത്തെ തുറന്നു കാട്ടുന്നു.ഗ്രാമീണതയുടെ പൂർണ്ണതയ്ക്ക്‌ ശബ്ദ സാന്നിധ്യമായത് പ്രകൃതിയുടെ നേർത്ത ജീവതാളങ്ങളായിരുന്നു. അസഹ്യമായ ശബ്ദ ഘോഷങ്ങൾ തീർക്കുന്ന സമകാലിക സിനിമകളിൽ നിന്ന് വ്യത്യസ്തമായി ശബ്ദത്തിന്റെയും , നിശബ്ദതയുടെയും സൗന്ദര്യത്തിന് ഉദാഹരണമാകുന്നു ഈ സിനിമ. പിന്നിട്ട ദിനങ്ങൾ അവശേഷിപ്പിച്ച ചിത്രങ്ങൾ നിദ്രാ വിഹീനമായ രാത്രികൾ യൂസുഫിന് നൽകുന്നുണ്ടെങ്കിലും, ഭൂതകാലത്തിൽ പാകിയ വിത്തുകൾ വെറുതെയായി എന്ന് അംഗീകരിക്കാത്ത ശബ്ദങ്ങൾ ദുർബലമായെങ്കിലും കേൾപ്പിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. അസ്ഥിരത നടനമാടുന്ന ഈ കാലഘട്ടത്തിൽ സ്വപ്നങ്ങളെ പിന്തുടരാൻ മടിച്ചിരിക്കുന്ന യുവതയെ തൊട്ടുണർത്താനും ഈ സിനിമ മറക്കുന്നില്ല. ഹൃദയ സ്പർശിയായ സിനിമ നമുക്കായി നൽക്കി അരങ്ങേറ്റം കുറിച്ച OZCAN ALPER-നെ സിനിമാ പ്രേമികളുടെ കണ്ണുകൾ പിന്തുടരുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ സിനിമ കാണാതെ പോകരുത്. for more reviews @ entecinemavayanakal.blogspot
Posted on: Sun, 12 Oct 2014 04:27:13 +0000

Trending Topics



Recently Viewed Topics




© 2015