FILM : THE BANISHMENT (2007) COUNTRY : RUSSIA GENRE : - TopicsExpress



          

FILM : THE BANISHMENT (2007) COUNTRY : RUSSIA GENRE : DRAMA DIRECTOR : ANDREY ZVYAGINTSEV ഭീതി, നിർവ്വികാരത, ശൂന്യത, നിരാശ എന്നീ അവസ്ഥകളുടെയെല്ലാം രൂപം കൈകൊള്ളാറുള്ള നിശബ്ദതയെ പോലും ശ്വാസമടക്കിപ്പിടിച്ചാണ് ശ്രവിച്ചത്. ANDREY ZVYAGINTSEV സംവിധാനം ചെയ്ത റഷ്യൻ മാസ്റ്റർപീസായ THE BANISHMENT(2007) സൃഷ്ടിച്ച ഭ്രമാത്മകമായ വൈകാരിക പാതയെ വിസ്മയിച്ച് പിന്തുടരുകയായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ THE RETURN(2003) ഉയർത്തിയ പ്രതീക്ഷകളെക്കാളുപരി ആദ്യ ഷോട്ട് മുതൽ സിനിമ തീർക്കുന്ന വശ്യമായ ചുഴിയിൽ വീഴാനാവും ഡ്രാമ സ്നേഹികളുടെ വിധി. ബർഗ്മാനും , തർകോവ്സ്കിയും അനുഭവിപ്പിച്ച അതേ സിനിമാ അനുഭവം ഇന്നും അന്യം നിന്നിട്ടില്ലെന്ന സന്തോഷവും ഈ സിനിമയേകുന്നു. നഗരപ്രാന്ത പ്രദേശത്തിലൂടെ ചീറിപ്പാഞ്ഞു പോകുന്ന കാറിൽ നിന്നും ഇറങ്ങി സഹോദരന്റെ വീട്ടിലേയ്ക്ക് കയറുന്ന മാർക്ക്‌ എന്നയാളുടെ കയ്യിൽ നിന്നും വെടിയുണ്ട നീക്കുന്ന സീനിൽ നിന്നുമാണ് സിനിമയാരംഭിക്കുന്നത്. ഒരു നിഗൂഡതയെ കൂട്ട് പിടിച്ച് ചുവടുവയ്ക്കുന്ന സിനിമ LINEAR NARRATION രീതിയിലാണ് പകുതിയോളം പിന്നിടുന്നത്. നഗരത്തിൽ നിന്നും ഗ്രാമത്തിന്റെ സ്വച്ഛതയിലേയ്ക്ക് പറിച്ച് നടപ്പെടുകയാണ് ALEX നെയും , കുടുംബത്തെയും . വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തീർക്കപ്പെടുന്ന സ്നേഹത്തിന്റെയോ, സ്നേഹശൂന്യതയുടെയോ വാചികമോ , ദൃശ്യമോ ആയ ചിഹ്നങ്ങളിലൂടെ സാധാരണമായ സിനിമാരൂപം പൂണ്ട് മൃതിയടയുമായിരുന്ന സിനിമയെ ഈ പറിച്ചുനടലിലൂടെ അസാധാരണമായ ദൃശ്യാനുഭവമാക്കി മാറ്റുന്നു സംവിധായകൻ. ALEX - VERA ദമ്പതികൾ , മകൻ KIR , മകൾ EVA എന്നിവരിലെല്ലാം സിനിമ തൂകുന്ന സ്നേഹരാഹിത്യത്തിന്റെ അടയാളങ്ങൾ വ്യക്തമാണ്. സ്വർണ്ണ നിറത്തിലുള്ള പുൽമേടുകളുടെ വിശാലതയിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുട്ടിക്കാല ഗൃഹത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു വീണ്ടെടുപ്പാണെന്ന് തോന്നിച്ചെങ്കിലും, ഈ വിശാലത അവർക്കിടയിലേയ്ക്ക് കയറി നിൽക്കുന്നതായാണ് അനുഭവപ്പെട്ടത്. വിജനമായ രംഗങ്ങൾ വിരളമല്ലാത്ത ഈ സിനിമയിൽ ഈ വീടും , അത് പുറംലോകവുമായി ബന്ധം സ്ഥാപിക്കുന്ന മരപ്പാലവും ഏകാന്തതയുടെ തീക്ഷണതയെ ദ്യോതിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളായിരുന്നോ എന്ന് തോന്നി. താൻ ഗർഭിണിയാണെന്ന VERA-യുടെ വെളിപ്പെടുത്തലിൽ നിർവ്വികാരനാകുന്ന ALEX , അന്തർ സംഘർഷത്തിലൂന്നിയ മൌനത്തിലേയ്ക്ക് കാലൂന്നുന്നത് അത് നിങ്ങളുടേതല്ലെന്ന ചോദ്യ സമാനമായ ശബ്ദത്തിനു ശേഷമാണ്. മൌനം പുതിയ അളവുപാത്രങ്ങളിലെയ്ക്ക് നിറഞ്ഞൊഴുകുന്ന തുടർ രംഗങ്ങളിൽ ALEX സഹോദരനെ(MARK) കാണാൻ പോകുന്നു. മാർക്ക്‌ ഉപദേശമായി വച്ച് നീട്ടുന്ന ഇരട്ട പരിഹാരങ്ങളുടെ സാധ്യതകളും, അത് സൃഷ്ട്ടിക്കാവുന്ന പരിണിതഫലങ്ങളും അവയെ എളുപ്പമല്ലാതാക്കി തീർക്കുന്നു. ALEX തെരഞ്ഞെടുക്കുന്ന മാർഗത്തെ ശരി-തെറ്റുകൾ കൊണ്ട് വിലയിരുത്താൻ അത് നയിക്കുന്ന ദാരുണമായ പരിസമാപ്തിയുടെ വെളിച്ചത്തിൽ പോലും സാധിക്കാതെ പോകുന്നു. സിനിമയിൽ പല ദൃശ്യങ്ങളെയും, സാഹചര്യങ്ങളെയും BIBLICAL-ആയി വായിച്ചെടുക്കാനുള്ള സാഹചര്യം ബോധപൂർവ്വം സൃഷ്ടിച്ച് ക്ലാസ്സിക്കുകളുടെ ശൈലിയെ വ്യക്തമായി ഓർമിപ്പിക്കുന്നു ഈ സിനിമ. ദാമ്പത്യ-കുടുബ ബന്ധങ്ങളിലെ സ്നേഹമില്ലായ്മ സൃഷ്ടിക്കുന്ന സംഭാഷണ രാഹിത്യം തീർക്കുന്ന ഏകാന്തതയുടെ ഭീതിയുളവാക്കുന്ന അന്ത്യം ഈ സിനിമ മനോഹരമായി അവതരിപ്പിക്കുന്നു. സിനിമയിലെ ഓരോ ഷോട്ടും ദൃശ്യ ഭാഷയുടെ കനപ്പെട്ട ശബ്ദങ്ങളായതിനാൽ കണ്ണിമ വെട്ടാതെയായിരിക്കും ഡ്രാമ സ്നേഹികൾ ഈ സിനിമയിലെ ഫ്രൈമുകളെ വീക്ഷിക്കുക. സംഭാഷണം കുറവായ ഈ സിനിമയെ മുഴുവനായി ആസ്വദിക്കണമെങ്കിൽ ക്യാമറയുടെ ഭാഷയും വായിച്ചെടുക്കെണ്ടതായുണ്ട്. ദാമ്പത്യത്തിന്റെ നല്ല മാതൃകകൾ ഒന്നും അവതരിപ്പിക്കാത്ത സിനിമ വിവാഹത്തെ നിരാകരിക്കുന്നുവോ എന്ന് തോന്നിപ്പോകുന്നു. ALEXന്റെ വാർപ്പ് മാതൃകകളിലേയ്ക്ക് പരുവപ്പെടുന്ന KIR , BUNNY എന്ന സ്നേഹമൊഴിയെ തഴയുന്ന EVA , VERA-യുടെ മക്കളെക്കുറിച്ചുള്ള ദാർശനികചുവയുള്ള വാക്കുകൾ , അസന്തുഷ്ടി ധ്വനിപ്പിച്ച VIKTOR-LEZA ദമ്പതികൾ, മക്കളെക്കുറിച്ചുള്ള ഓർമ്മകൾ പോലും മനസ്സിൽ അവശേഷിപ്പിക്കാത്ത MARKO , ROBERT-മായുള്ള സംഭാഷണത്തിൽ VERA കാണിക്കുന്ന വിവാഹത്തിന് മുമ്പുള്ള പുഞ്ചിരി തൂകി നിൽക്കുന്ന ഫോട്ടോ എന്നീ വിവാഹ ബന്ധിത മായ പ്രതീകങ്ങൾ ഈ ചോദ്യം ആവർത്തിക്കുന്നതായി തോന്നി. സിനിമ ഉടലെടുത്ത സാംസ്‌കാരിക പശ്ചാത്തലത്തിലും , ഇത്തരം സാമൂഹിക നിർമ്മിതികളിലെ (വിവാഹം) മാനസിക സംഘർഷങ്ങളുടെ സ്രോതസ്സ് ചാരിത്ര്യ ശുദ്ധി എന്ന സാമൂഹിക മൂല്യ ബോധം കൽപ്പിക്കുന്ന അതിരുകളല്ല എന്നതും , ആത്മാർഥവും , സ്നേഹമസ്രണവുമായ പരിഗണനയുടെ അഭാവമാണെന്ന സൂചനയും സിനിമ നൽകുന്നു. നിഗൂഡതയോ , ട്വിസ്റ്റുകളോ ഒന്നുമല്ല ഈ സിനിമയുടെ ശക്തിയെന്നിരുന്നാലും , LINEAR NARRATION-ൽ നിന്നും ഒരു ചുവടു മാറ്റം ദൃശ്യമാക്കുന്ന അവസാന ഭാഗങ്ങളിൽ , വാക്കുകൾ വിരളമായ ഭൂതകാലം പണിത ശൂന്യതയുടെ വലയിൽ പിടയുന്ന നായികയെ നമ്മൾ കാണുന്നു. നമുക്ക് മുന്നിൽ ആദ്യ പകുതിയിൽ നിവർത്തപ്പെട്ട നായികയുടെ അവസാന കാലത്തിലെ ജീവിത ചുരുളുകൾ , സിനിമയുടെ അവസാന ഭാഗത്ത്‌ മാത്രം വെളിച്ചം കാണുന്ന ദൃശ്യങ്ങളുമായി കൂട്ടി വായിക്കുമ്പോഴാണ് പുതിയ അർത്ഥതലങ്ങൾ കൈവരിക്കുന്നത്. അവസാനം വന്നു ചേരുന്ന സത്യങ്ങൾ കാഴ്ചക്കാരനിലുണ്ടാക്കുന്ന ആശ്ചര്യത്തെ വിശ്വസനീയതയുടെ കളങ്ങളിൽ ഒതുക്കി നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാലും അനുകമ്പയുടെ തൂവൽ സ്പർശം ആർക്കാണ് നൽകേണ്ടത് എന്ന് ആസ്വാദകനെ ചിന്തിപ്പിച്ചാണ് സിനിമയവസാനിക്കുന്നത്. നമ്മൾ എന്നത് ഞാൻ-നീ എന്ന് പിരിച്ചെഴുതപ്പെടുന്ന ഈ ലോകം ചൂണ്ടിക്കാണിക്കുന്ന നാളെയുടെ വികാര ശൂന്യമായ തുരുത്തുകളിൽ വികാര സാന്ദ്രതയെ പ്രതീക്ഷിച്ചു കൊണ്ട് , എന്റെ വരികൾക്ക് തളച്ചിടാനാവാത്ത വിധം സുന്ദരവും-സങ്കീർണവും-ഗഹനവുമായ ഈ സിനിമയെ ഉപരിപ്ലവമായി വായിക്കാനുള്ള ശ്രമം മാത്രമാണ് ഈ കുറിപ്പ് എന്ന ഓർമ്മപ്പെടുത്തലോടെ , അവാച്യമായ അനുഭൂതി പകർന്ന ഒരു സിനിമ കാണാൻ സാധിച്ച അത്യാനന്ദത്തോടെ നിർത്തുന്നു. for more reviews@ entecinemavayanakal.blogspot
Posted on: Mon, 18 Aug 2014 16:38:51 +0000

Trending Topics



Recently Viewed Topics




© 2015