MOVIE: Wadjda (2012) LANGUAGE: Arabic COUNTRY: Saudi Arabia / - TopicsExpress



          

MOVIE: Wadjda (2012) LANGUAGE: Arabic COUNTRY: Saudi Arabia / Germany DIRECTOR: Haifaa Al-Mansour GENRE : Drama, Comedy IMDB rating : 7.6 ............................................... 12 വയസ്സ് പ്രായമായ Wadjda എന്ന ഒരു പെണ്‍കുട്ടി. സ്കൂളിലെ ടീച്ചർമാരും പരിചയക്കാരുമൊക്കെ ഓരോരോ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും തന്റെ ബാല്യത്തിന്റെ ഓരോരോ സ്വാതന്ത്ര്യങ്ങളായി നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്നതും അവൾ മനസ്സിലാക്കുന്നുണ്ട്. ഇനി തൊട്ടു തട്ടം കൊണ്ട് തല മൂടി നടക്കണം എന്ന് സ്കൂളിലെ ഹെഡ്-മിസ്ട്രെസ്സ് ഇടയ്ക്കിടെ ഒര്മിപ്പിയ്ക്കാറുണ്ട് . തന്റെ ആ ഇഷ്ടപ്പെട്ട വെള്ള കാൻവാസ് ഷൂ ഒന്നും ഇടാൻ പാടില്ലത്രെ. ഇതെന്തൊരു ന്യായം... എങ്കിൽ ഒരു പണിയുണ്ട്...ഷൂ കറുപ്പിയ്ക്കുക തന്നെ..എവിടെ ആ കറുത്ത സ്കെച് പേന... .... പുറത്തിറങ്ങിയപ്പോ അതാ നില്ക്കുന്നു അബ്ദുള്ള... അവൻ അവന്റെ പുതിയ സൈക്കിളിൽ ആണ്... വെറുതെ എന്നെ ദേഷ്യം പിടിപ്പിയ്ക്കേണ്ട കേട്ടോ... അതാ കൊണ്ടുപോകുന്നു അവൻ എന്റെ തലയിൽ കിടന്ന തട്ടം... അവനും അവന്റെ സൈക്കിളും.. പോട്ടെ, ഞാനും ഒരെണ്ണം വാങ്ങിയ്ക്കും... നോക്കിക്കോ.... .... അപ്പുറത്തുള്ള കടയിൽ ഒരു നല്ല പച്ച നിറത്തിലുള്ള സൈക്കിൾ ഉണ്ട്... പക്ഷേ കടക്കാരൻ പറയുന്നു 800 റിയാൽ ആകും എന്ന്...ഉമ്മിയോടു പറഞ്ഞു നോക്കി...പ്രായമായ പെണ്‍പിള്ളേർ സൈക്കിൾ ചവിട്ടാനൊന്നും പാടില്ലത്രേ... അതു മാത്രമല്ല ഉമ്മിയുടെ കയ്യിൽ അതിനുള്ള പൈസയും ഇല്ലത്രെ...അബ്ബിയോടു പറഞ്ഞിട്ടു കാര്യം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല... കാര്യം എന്നെ വലിയ ഇഷ്ടം ഒക്കെ ആണെങ്കിലും ഇതിനൊന്നും പൈസ തരില്ല... ഇതാ ഇപ്പൊ ഉമ്മി പറയുന്നു അബ്ബിയ്ക്ക് വേണ്ടി അബ്ബിയുടെ ഉമ്മി വേറെ പെണ്ണ് നോക്കുന്നുണ്ടത്രേ... എന്തായാലും സൈക്കിൾ വാങ്ങിച്ചിട്ടു തന്നെ കാര്യം... കുറേശ്ശെ ആയി പൈസ സമ്പാദിയ്ക്കണം.. .... ഇന്നലെ ഷോപ്പിംഗ്‌ മാളിൽ പോയി ഉമ്മി കൈയിലുള്ള പൈസ ഒക്കെ കൊടുത്തു ഉമ്മിയ്ക്കു ഇടാൻ വേണ്ടി ഒരു പുതിയ വില കൂടിയ ഡ്രസ്സ്‌ വാങ്ങി... ഇതൊക്കെ ഇട്ടു കാണിച്ചാൽ ചിലപ്പോ അബ്ബി തിരിച്ചു വന്നെങ്കിലോ? അങ്ങനെ ഉമ്മിയുടെ കയ്യിൽനിന്നും പൈസ കിട്ടുമെന്ന് എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അതും പോയി...മാളിലെ ആം ബാൻഡ് വിൽക്കുന്ന കടക്കാരനോട് ചോദിച്ചു നോക്കി , ഞാൻ ആം ബാൻഡ് ഉണ്ടാക്കി തന്നാൽ വാങ്ങുമോ എന്ന്... അതൊക്കെ ഇപ്പൊ ചൈനയിൽ നിന്നും കൊണ്ടു വരികയാണത്രെ... നമ്മുടെ ദേശിയ പതാകയിലെ കളറിൽ ഉള്ള ആം ബാൻഡ് ഒക്കെ അവർക്ക് ഉണ്ടാക്കാനറിയോ എന്ന് ചോദിച്ചപ്പോ അതൊക്കെ അവർ പുല്ലു പോലെ ഉണ്ടാക്കും അത്രേ.. ഇനി എന്ത് ചെയ്യും? ..... അതാ ടീച്ചർ ഒരു പുതിയ അറിയിപ്പ് വായിയ്ക്കുന്നു... അടുത്ത മാസം ഖുറാൻ ചൊല്ലൽ മത്സരം ആണത്രേ.. 800 റിയാൽ ഒന്നാം സമ്മാനം... ങേ...ഖുറാൻ എങ്കിൽ അത്... ഒരു കൈ നോക്കിക്കളയാം... പേരു കൊടുക്കാൻ പോയപ്പോ ടീച്ചർ ഞെട്ടുന്നു.. ങേ, നീയോ? ഖുറാൻ ചൊല്ലാനോ.. ..... കൈയിൽ ഇതു സമ്പാദ്യം 67 റിയാൽ ആണ്...തൽക്കാലം അത് കൊടുത്തു ഒരു ഖുറാൻ സി.ഡി. വാങ്ങിക്കളയാം...ഇനി ഒരു മാസത്തേയ്ക്ക് അദ്ധ്വാനിയ്ക്കുക തന്നെ... ...................................................... Haifaa Al-Mansour എന്ന സൗദി അറേബ്യൻ സംവിധായികയുടെ ആദ്യത്തെ സിനിമ ആണ് Wadjda. ഇതിനെ കുട്ടികളുടെ സിനിമ എന്നോ സാമൂഹിക ചലച്ചിത്രം എന്നോ വിളിയ്ക്കാം. എന്ത് വിളിച്ചാലും എങ്ങനെ സിനിമ ഉണ്ടാക്കണം എന്നുള്ളതിന്റെ ഉത്തമോദാഹരണം ആണ് ഇത്. ദൃശ്യങ്ങളിലോ ശബ്ദങ്ങളിലോ അതിഭാവുകത്വത്തിന്റെ ഒരു കണിക പോലും ഇല്ലാതെ സങ്കീർണമായ സാമൂഹിക പ്രശ്നങ്ങൾ എങ്ങനെ അവതരിപ്പിയ്ക്കാം എന്ന് ഈ പടം കണ്ടു സംവിധായകർ പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. സ്ഥിരം വ്യായാമം ചെയ്തു ശരീരത്തിൽ അനാവശ്യമായ ഒരു തരി ദുർമെദസ്സും ഇല്ലാത്ത ഒരു അത് ലെറ്റിനെ പോലെ ആണ് ഈ പടം. trim and fit. സാമൂഹിക ചലച്ചിത്രങ്ങളിലെ ഒരു സ്ഥിരം പ്രശ്നം ആയി എനിയ്ക്ക് തോന്നിയിട്ടുള്ളത് കഥാപാത്രങ്ങൾ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും അതിനെതിരെ ഘോരഘോരം പ്രവർത്തിയ്ക്കുകയും പ്രസംഗിയ്ക്കുകയും ചെയ്യുക എന്നുള്ള സിനിമ technique ആണ്. സംവിധായകന് കഥ പറയാനുള്ള ഒരു എളുപ്പവഴി ആണ് അത്. ഇതിന്റെ അപകടം എന്താണെന്ന് വെച്ചാൽ സിനിമയ്ക്ക്‌ വ്യക്തമായ ഒരു നിലപാട് ഉണ്ടാകുകയും അതിനെ അനുകൂലിയ്ക്കുന്നവർ മാത്രം ആ സിനിമ കാണുകയും ചെയ്യുന്നു. അത് കാണുന്നവരാകട്ടെ കഥാപാത്രങ്ങളും സംവിധായകനും മറ്റും തങ്ങൾക്കു വേണ്ടി ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്നണ്ടല്ലോ എന്ന് ആശ്വസിയ്ക്കുകയും സിനിമ കഴിയുന്നതോടെ അതിലെ മെസ്സേജ് മനസ്സിലാക്കുകയും രണ്ടു ദിവസത്തിനകം അത് മറക്കുകയും ചെയ്യുന്നു. എന്നാൽ ഈ സിനിമ അങ്ങനെ ഒരു laxury തരുന്നില്ല. ഇതിൽ കഥാപാത്രങ്ങൾ സാധാരണ ആളുകൾ മാത്രമാണ്. അവർ ഒരു നിലപാടും എടുക്കുന്നില്ല.. സംവിധായികയും ഒരു നിലപാടും കാണിയ്ക്കുന്നില്ല. (visual clues എന്ന തരത്തിലുള്ള ദൃശ്യ മലിനീകരണം വളരെ കുറവാണ് ഇതിൽ, audio cluesഉം വളരെ കുറവാണ്.). പ്രേക്ഷകർക്ക്‌ നിരുപദ്രവകരമായ കുറെ രംഗങ്ങൾ കാണിയ്ക്കുക മാത്രമാണ് സംവിധായിക ചെയ്യുന്നത്. പടം കഴിയുന്നതോടെ അവർക്ക് അത് മറക്കാം. അല്ലെങ്കിൽ അതിലെ hidden messageകളെപ്പറ്റി ആലോചിച്ചു ബേജാർ ആകാം. (ഇല്ലെങ്കിൽ അതിനെപ്പറ്റി റിവ്യൂ എഴുതി ആളുകളെ ബോർ അടിപ്പിയ്ക്കാം ;) ) പിന്നെ ഇത് മതപരം ആയ ഒരു സിനിമ അല്ല. ഖുറാൻ പാരായണം ഒരു backdrop ആയി വരുന്നുണ്ട് എന്നേ ഉള്ളൂ. ബിസിനസ്‌ ചെയ്യാൻ അപാര കഴിവുകൾ ഉള്ള ഒരു ബാലികയുടെ ആദ്യത്തെ ബിസിനസ്‌ സംരംഭം എന്നു മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. മതങ്ങളിൽ വിശ്വാസമില്ലാത്ത ഒരാളായ എനിയ്ക്ക് വരെ ഇതിലെ ബാലികയുടെ ഖുറാൻ പാരായണം വളരെ ഇഷ്ടപ്പെട്ടു എന്നുള്ളത് വേറെ കാര്യം. അങ്ങനെ അത് ഒരു art form ആയും കാണാം. എനിയ്ക്ക് ഇതിന്റെ രണ്ടു തരത്തിൽ ഉള്ള വ്യാഖ്യാനവും ഇഷ്ടപ്പെട്ടു. കുട്ടികളുടെ ലോകവും (നിഷ്കളങ്കം എന്ന clicheകൾ ഒന്നും ഇവിടെ ഇല്ല.) അവരുടെ വളർച്ചയിലെ പുതിയ പുതിയ അറിവുകളും എങ്ങനെ കാണിച്ചിരിയ്ക്കുന്നു എന്ന് കാണാം. (പല അറിവുകളും ലോകത്തിന്റെ മര്യാദയില്ലായ്മയെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ആണെന്ന് മാത്രം). ഇല്ലെങ്കിൽ മുതിർന്നവർക്കുള്ള സാമൂഹിക ചിത്രം ആയും കാണാം. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട 4-5 സിനിമകൾ എടുത്താൽ Wadjdja തീർച്ചയായും അതിൽ ഉൾപ്പെടും. ഇതുവരെ ഞാൻ അത് മൂന്നു പ്രാവശ്യം എങ്കിലും കണ്ടു കഴിഞ്ഞിരിയ്ക്കുന്നു. ഇനിയും പല തവണ കാണണം. https://youtube/watch?v=3koigluYOH0
Posted on: Sun, 05 Oct 2014 16:30:11 +0000

Trending Topics



Recently Viewed Topics




© 2015