!!#!! Team-mates !!#!! മോണിട്ടറിലെ - TopicsExpress



          

!!#!! Team-mates !!#!! മോണിട്ടറിലെ ത്രീ-ഡീ ഇമേജ് കറങ്ങിക്കൊണ്ടിരിയ്ക്കുന്നുണ്ട്. സ്കാന്‍ ചെയ്തെടുത്ത body parts ന്‍റെ കൃത്യമായൊരു രൂപം OpenGL ന്‍റെ കളികള്‍ കൊണ്ട് പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നു കൂടൊന്നു zoom ചെയ്തപ്പോഴാണ് പണി പാളിയത് മനസ്സിലായത്. കോമളന്‍റെ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു. രണ്ടു മൂന്നു ദിവസമായി രാത്രി മുഴുവന്‍ ഇരിക്കേണ്ട ഒരു ബഗ്ഗ് കയ്യില്‍ വന്നു പെട്ടിട്ട്. ഇന്നു ഞാന്‍ തകര്‍ക്കും. എന്തായാലും ചായ കുടിച്ച് വന്നിട്ടാവാം മുന്നോട്ടുള്ള യാത്ര. സീറ്റില്‍നിന്നും എണീറ്റപ്പോഴാണ് അവന്‍ അത് ശ്രദ്ധിച്ചത്. ശകുന്തള എന്തോ കലുഷമായ ഇഷ്യൂ വില്‍പെട്ട് വിഷമിച്ചിരിക്കുന്നു. പോയി സഹായിച്ചാലോ..? വേണ്ട, എന്തേലുമൊരു കാരണം കിട്ടാന്‍ കാത്തിരിക്കുവാണ് പിള്ളേര്‍. വെട്ടിക്കീറി മൂലക്കിട്ട് കളയും. അശോകവനത്തിലിരിക്കുന്ന സീതയെ നോക്കുന്ന രാവണനെപ്പോലെ വായില്‍ വന്ന ഉറവ വലിച്ചിറക്കി നിരാശ കലര്‍ന്നൊരു നെടുവീര്‍പ്പോടെ കോമളന്‍ Pantry യിലോട്ട് നടന്നു. കോമളന്‍ തിരിച്ചെത്തിയതും ബഗ്ഗിലേക്ക് കമിഴ്ന്നു വീണതും ഒരുമിച്ചായിരുന്നു, RGB യും FMUL ഉം പിന്നെ അല്ലറ ചില്ലറ ഐറ്റംസ് ഒക്കെ പരീക്ഷിച്ചപ്പോള്‍ ബഗ്ഗ് തോറ്റു, കോമളന്‍ ജയിച്ചു. ബഗ്ഗിന്‍റെ കെട്ട് വിട്ടതോടെ കോമളന്‍ എണീറ്റ് ചുറ്റിലും ഒന്നു കണ്ണോടിച്ചു. ശകുന്തള അവിടെത്തന്നെയിരിപ്പുണ്ട്. കോമളന്‍റെ മനസ്സ് വീണ്ടും പ്രണയ പരവശമാവാന്‍ തുടങ്ങി. ഇവിടെയും അവളെ ശല്യപ്പെടുത്തുന്നത് വണ്ട് പോലൊരു സാധനം തന്നെ.. ബഗ്ഗ്‌!!…. തക്ക സമയത്ത് വാളുമായി ചാടി വീണാല്‍ വല്ലതുമൊക്കെ നടക്കും. പക്ഷെ ഇതിപ്പോള്‍ ഒന്ന് രണ്ടാള്‍ക്കാര്‍ ഇനിയും പോകാന്‍ ബാക്കിയാണല്ലോ. ടൈം പാസ്സിന് ഇനി വേറെ വല്ലതും നോക്കേണ്ടി വരും. CodeProject ല്‍ കയറി രണ്ടു question ന് answer ചെയ്തേക്കാം. കൂ..ഹൂ..ഹൂ… കോമളന് മനസ്സ് തുടിച്ചു. ഇനി ശകുന്തളയെങ്ങാനും 9.15 ന്‍റെ ബസ്സിനു പോകുമോ..? ഏയ്‌.. മുഖഭാവം കണ്ടിട്ട് രണ്ടാഴ്ച്ചത്തെക്കുള്ള ബഗ്ഗ് മോണിട്ടറിനകത്തുണ്ട്. സമയം പതുക്കെ പതുക്കെ നീങ്ങി. കോമളന്‍ Code Project നകത്ത് കൂടെ ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിഞ്ഞു. അടുത്ത് വരുന്ന കാലോച്ചയോ അതിനനുസൃതമായ പാദസരക്കിലുക്കമോ ഒന്നും കോമളന്‍റെ മാനസികസ്ഥിതിയെ മെച്ചപ്പെടുത്തിയില്ല. പക്ഷെ “ചേട്ടാ….” എന്നുള്ള വിളിയില്‍ ഉരുകിയൊലിച്ച് ഷോക്കേറ്റത് പോലെ തിരിഞ്ഞു നോക്കിപ്പോയി. സത്യം തന്നെയോ..? ശകുന്തള തൊട്ടു പിറകില്‍. “എന്ത് പറ്റി കുട്ടീ….” എന്നാണ് കോമളന്‍ ഉദ്ദേശിച്ചതെങ്കിലും വായിലെ വെള്ളിയും ഷോക്കും ഒക്കെ കാരണം ചില അക്ഷരങ്ങളൊക്കെ മാത്രമേ പുറത്തേക്ക് വന്നുള്ളൂ. കാര്യം മനസ്സിലാക്കിയ കിടാവ് പറഞ്ഞു തുടങ്ങി. “ഈ ബഗ്ഗ്‌ ഒട്ടേറെ നേരമായി എന്നെ ശല്യപ്പെടുത്തുന്നു.. തോഴിമാരൊക്കെയും ഓരോ ബസ്‌ ടൈമിംഗ് ആയപ്പോള്‍ പോയി.. ഇതില്‍നിന്ന് എന്നെയൊന്നു രക്ഷിക്കാമോ..?” കോമളന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി. ഇത് തന്നെ അവസരം. ബഗ്ഗ്‌ എന്ന സ്വയംവര യാഗം ജയിച്ചു കഴിഞ്ഞാലുടന്‍ കല്ല്യാണം.. “Sure… നിങ്ങളുടെ ബഗ്ഗിന്‍റെ ചെറിയൊരു ഔട്ട്‌ലൈന്‍ തന്നാല്‍ ഞാനത് പൊളിച്ച് കയ്യില്‍തരാം.. അല്ല, ശരിയാക്കി കയ്യില്‍ തരാം..” കോമളന്‍ മൊഴിഞ്ഞു. കോമളന്‍ വിചാരിച്ചത് പോലെ അത്ര എളുപ്പമായിരുന്നില്ല ഐറ്റം. 11pm ന് തീരുമെന്ന് കരുതിയ സാധനം ഇപ്പൊ 12.30 ആയിട്ടും കിടക്കുന്നു. “ഇവളെനിക്ക് പണി തന്നതാണോ?” കോമളന്‍ ഇടങ്കണ്ണിട്ടൊന്നു നോക്കി. ഏയ്‌ അല്ല, പാവം ദയനീയമായിരിപ്പുണ്ട്. ഒരു മണി ആയപ്പോള്‍ സെക്ക്യുരിറ്റി വന്ന് അടുത്തുള്ളതൊഴികെ ചുറ്റിലുമുള്ള ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്തിട്ട് പോയി. നേരിയ ഇരുട്ടില്‍ IT Comapny കളില്‍ മാത്രം കാണുന്നൊരു പാതിരാ കാറ്റുണ്ട്. AC യുടെ ഔട്ട്‌ലെറ്റിനു താഴെ നിന്നാല്‍ ഉച്ചിയിലടിക്കുന്ന കാറ്റ്. അതവളുടെ മുടിയിലും ഷാളിലും തട്ടിതടഞ്ഞങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. UPS ലാമ്പിന്‍റെ നേരിയ വെളിച്ചത്തില്‍ പെണ്ണിന്‍റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന് ആ നേരിയ വെട്ടത്തില്‍ അവന്‍ ഉറപ്പിച്ചു, late night ബഗ്ഗ് ഫിക്സിന് AC യുടെ ഔട്ട്‌ലെറ്റിനു കീഴെ ഇരിയ്ക്കില്ലാന്നു. “ചേട്ടാ എനിക്കൊന്നു ഫോണ്‍ ഓണ്‍ലൈന്‍ റീ-ചാര്‍ജ് ചെയ്യണമായിരുന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞിട്ട് ബഗ്ഗ്‌ continue ചെയ്‌താല്‍ പോരേ..?” Interrupt fired from ശകുന്തള. കോമളന്‍ ബഗ്ഗില്‍ കൈ വച്ചാല്‍ പിന്നെ അത് ഫിക്സ് ആയിട്ടെ കയ്യെടുക്കൂ.. അതാ അവന്‍റെ ഒരു സ്റ്റൈല്‍. “കുട്ടി എന്‍റെ മെഷീനില്‍ പോയി റീ-ചാര്‍ജ് ചെയ്തോ.. ലോക്ക് ആയിട്ടുണ്ടാവില്ല”. കോമളന്‍ അസ്വാരസ്യത്തോടെ പറഞ്ഞു. 5 മിനിറ്റ് കഴിഞ്ഞ് ശകുന്തള വന്നപ്പോള്‍ നിറചിരിയുമായി തല അല്‍പ്പം താഴ്ത്തി “ഒഴിച്ചോളൂ..” എന്ന മട്ടില്‍ കോമളന്‍ നില്‍പ്പുണ്ട്. “ശരിയായോ..?” ശകുന്തളക്ക് ആശ്ചര്യം അടക്കാനായില്ല. ദിതൊക്കെ എന്ത് എന്ന മട്ടില്‍ കോമളന്‍ നെഞ്ച് വിരിച്ച് നിന്ന് പറഞ്ഞു. “ഒരു regression test നടത്തി നോക്കിക്കോളൂ.. ബാക്കിയൊക്കെ വര്‍ക്ക്‌ ചെയ്യുന്നുണ്ട്. ഫോണ്‍ റീചാര്‍ജ് ചെയ്ത് കഴിഞ്ഞോ..?” “റീ-ചാര്‍ജ് ചെയ്യാന്‍ പറ്റിയില്ല, എന്തോ server error കാണിയ്ക്കുന്നു.” “എങ്കില്‍ കുട്ടി എന്റെ ഫോണ്‍ യൂസ് ചെയ്തോളു…” ”എന്‍റെ ഫോണ്‍ കുട്ടീടെം കൂടി അല്ലെ” എന്ന് കോമളന്‍ മനസ്സില്‍ പറഞെങ്കിലും… എന്നത്തേം പോലെ അന്നും ഫോണ്‍ വീട്ടില്‍ മറന്നു വച്ചിട്ടായിരുന്നു കോമളന്‍ വന്നത്. “എന്നാല്‍ നമുക്കിറങ്ങിയാലോ ..?” എല്ലാം ഒന്ന് ഓടിച്ചു നോക്കിയ ശേഷം കിടാവ് പറഞ്ഞു. അവള്‍ക്കു പോകാന്‍ ധൃതിയായി. “ഇപ്പോള്‍ന്നെ ഇറങ്ങണോ..” എന്നായിരുന്നു കോമളന്‍റെ മനസ്സിലെങ്കിലും “ഓ.. പിന്നെന്താ..” എന്നാണ് പുറത്തേക്ക് വന്നത്. “ഞാനൊന്ന് വാഷ്‌റൂമില്‍ പോയിട്ട് പെട്ടെന്ന് വരാം..” ശകുന്തള പറഞ്ഞു. പുറത്ത് വെയിറ്റ് ചെയ്യാം ഏതായാലും.. കോമളന്‍ ഡോര്‍ ലേക്ക് നടന്നു. കാര്‍ഡ്‌ കാണിച്ചു, ഒരു തവണ.. തുറന്നില്ല.. രണ്ടാമതും മൂന്നാമതും നോക്കി; രക്ഷയില്ല, കാര്‍ഡ്‌ detect ചെയ്യുന്നില്ല. ആഹ്.. ഏതായാലും കിടാവിന്‍റെ കാര്‍ഡില്‍ ഇറങ്ങാം… ഇത്തിരി കഴിഞ്ഞപ്പോഴേക്കും കിടാവ് എത്തി. “എന്‍റെ കാര്‍ഡ്‌ detect ചെയ്യുന്നില്ല.. കുട്ടിയുടെത് വച്ച് ഡോര്‍ തുറന്നോളൂ..” ശകുന്തള ബാഗ് തുറന്നു കാര്‍ഡ്‌ പുറത്തെടുത്ത് കാണിച്ചു നോക്കി. ഇല്ല.. ഒന്നൂടെ നോക്കി.. ഇല്ലാ.. “പെട്ടല്ലോ..” ശകുന്തള നിരാശയായി. ആരെയെങ്കിലും വിളിച്ചു പറയണമെങ്കില്‍ ഫോണും ഇല്ലല്ലോ. “ഹ ഹ ഹ.. പെട്ടു..” കോമളനു സന്തോഷം ആയി. “ഇന്നത്തെ ഉറക്കം എന്തായാലും ഇവിടെ ആക്കേണ്ടി വരും” കോമളന്‍ പറഞ്ഞു. ശകുന്തള അടുത്തുള്ള സോഫയില്‍ കയറി കിടന്നു. കോമളന്‍ ജനലിനോടടുത്തുള്ള സീറ്റില്‍ ഇരുന്ന് നിലാവിനെയും ശകുന്തളയെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ശകുന്തള ചോദ്യമെറിഞ്ഞു. “എന്‍റെ ഇഷ്യൂ ഫിക്സ് ചെയ്യാന്‍ ഇത്രയും വൈകി ഇരുന്നതെന്തിനാ?” “നീയെന്‍റെ ടീം മേറ്റ്‌ ആയിപ്പോയി” കോമളന്‍ നിലാവിലേക്ക് നോക്കിക്കൊണ്ട് മറുപടി പറഞ്ഞു. “അല്ലാതോന്നുമില്ല?” ശകുന്തളയുടെ ശബ്ദത്തില്‍ പ്രണയം കലര്‍ന്നിരുന്നു. “ഊം ഹൂം” കോമളന് ശകുന്തളയെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. “എങ്കില്‍പ്പിന്നെ people tracker application ന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ടീം മേറ്റ്സ് നെ മുഴുവന്‍ add ചെയ്യണ്ടേ? Who is where ല്‍ ടീം ലീഡിന്‍റെ ഫോട്ടോ അല്ലെ എടുത്തു വെക്കേണ്ടത്? ഇതിപ്പോ രണ്ടിലും ഞാന്‍ മാത്രമാണല്ലോ.” ചോദ്യത്തിനൊപ്പം ശകുന്തളയുടെ കണ്ണുകള്‍ ചെറുതായി, ശബ്ദം കൂടുതല്‍ പതിഞ്ഞു. “എന്നും മുടിയില്‍ തുളസിക്കതിര് ചൂടി, ചന്ദനക്കുറിയും തൊട്ട് വരുന്ന പെണ്ണിനെ കണ്ടപ്പോള്‍ ആദ്യം തന്നെ തോന്നിയത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമായിരുന്നു. സ്വന്തം ടീമില്‍ തന്നെ വരണമേയെന്ന് ആശിച്ചു. വന്നപ്പോള്‍ ഒരുപാട് സന്തോഷമായി. അവള്‍ കയറുന്ന ബസ്സില്‍ മാത്രമേ കയറൂ എന്നുറപ്പിച്ച് എന്നും 7 .15 ന് വീട്ടില്‍ നിന്നിറങ്ങി. പക്ഷെ, കൂട്ടുകാരുടെ കളിയാക്കലിനെ ഭയന്ന് എല്ലാം മനസ്സിലങ്ങിനെ കിടന്നു.” കോമളന്‍ പ്രണയാതുരനായി പറഞ്ഞവസാനിപ്പിച്ചു. “ടീം മീറ്റിങ്ങുകളില്‍ ടാസ്കുകളുടെ സ്റ്റാറ്റസ് വളരെ കൃത്യമായി പറയുന്ന ചേട്ടനോട് ആദ്യം ആരാധനയായിരുന്നു. ടീം മേറ്റ്സിനു ബഗ്ഗ്‌ വരുമ്പോള്‍ അത് ഫിക്സ് ചെയ്യാന്‍ വിളിച്ചു കൊണ്ട് പോകുന്നത് കാണുമ്പോള്‍ അത് വളര്‍ന്നു.. ടെസ്റ്റ്‌-ലാബില്‍ ഇരുന്ന് അപ്ലിക്കേഷന്‍ തലങ്ങും വിലങ്ങും ടെസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ വഴിയരികില്‍ നിന്ന് എത്രയോ വട്ടം നോക്കി നിന്നിട്ടുണ്ട്. മറ്റു ടീം മേറ്റ്സ് നോട് കാണിക്കുന്ന അടുപ്പം തനിക്ക് കിട്ടാതെ വന്നപ്പോള്‍ മനപ്പൂര്‍വ്വം ഒഴിഞ്ഞു മാറി.” പറഞ്ഞു തീരുന്നതിനു മുന്‍പ് ശകുന്തള കോമളന്‍റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. വീശിയടിക്കുന്ന AC യുടെ കുളിരില്‍ പ്രണയത്തിന്‍റെ ഊഷ്മളത നുകര്‍ന്ന് കോമളനും ശകുന്തളയും അങ്ങനെ നിന്നു.. ഒരു ഹൃദയമിടിപ്പിന്‍റെ ദൂരത്തില്‍…! ഇതിനിടെ എങ്ങനെയോ കോമളന്‍ കണ്ണ് തുറന്ന് നോക്കിയത് സ്വന്തം മോണിട്ടറിലെ ത്രീ-ഡീ ഇമേജിലെക്കായിരുന്നു. ഒറ്റ നോട്ടത്തിലാണെങ്കിലും പക്ഷെ, കോമളന്‍ അത് കണ്ടു. വീണ്ടുമൊരു ബഗ്ഗ്..!!! ബഗ്ഗിനിടക്കാ ടീം മേറ്റും പിടക്കൊഴീം അവള്‍ടെ ഒരു പ്രേമവും.. ഹും.. ഒട്ടി നില്‍ക്കുന്ന ശകുന്തളയെ തട്ടിമാറ്റി കോമളന്‍ മെഷീനിനു അടുത്തേയ്ക്ക് കുതിച്ചു. നടുവ് തള്ളി വീണ ശകുന്തള വളരെ പ്രയാസപ്പെട്ട് എഴുന്നേല്‍ക്കുന്നതിനു മുന്‍പ് കോമളന്‍ ത്രീ-ഡീ ഇമേജിന്‍റെ ആഴങ്ങളിലേയ്ക്ക് മുങ്ങാംകുഴിയിട്ടിരുന്നു. Copied from Rajith VP ;)
Posted on: Thu, 29 Aug 2013 03:55:53 +0000

Trending Topics



Recently Viewed Topics




© 2015