കേരള രാഷ്ട്രീയ - മത - TopicsExpress



          

കേരള രാഷ്ട്രീയ - മത രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സമുദായത്തിന്റെ ഉന്നമത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആഴത്തില്‍ അറിവു നേടിയ വ്യക്തിത്വം കൂടിയാണ്. അദ്ദേഹത്തിന്റെ ജീവിത യാത്രയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തെക്കുറിച്ചും, അവിടുത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ഇസ്‌ലാം ഓണ്‍ലൈവുമായി പങ്കുവെക്കുന്നു. -താങ്കളുടെ മലേഷ്യയിലെ പഠനത്തെ കുറിച്ചുള്ള വിവരണത്തോടെ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. അതിനെ കുറിച്ച് ചെറിയൊരു വിവരണം നല്‍കുമല്ലോ? 1999 ലാണ് മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയത്. വിദേശത്ത് പോയി പഠിക്കണമെന്ന വലിയ ആഗ്രഹം മുമ്പേയുണ്ടായിരുന്നു. കാരണം, വാപ്പ ഈജിപ്തിലൊക്കെ പോയി പഠിച്ചിരുന്നു എന്നത് എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. അസ്ഹറില്‍ പോയി പഠിക്കാനായിരുന്നു താല്‍പര്യം. പക്ഷെ, എന്തോ ചില കാരണങ്ങളാല്‍ അവിടെ അഡ്മിഷന്‍ ലഭിച്ചില്ല. അപ്പോഴാണ് International Islamic UNIVERSITY of Malaysia (IIUM) യുടെ പ്രോസ്പക്ടസ് എന്റെ സുഹൃത്ത് തരുന്നത്. അത് വെച്ച് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു. വാപ്പയുടെ നിര്‍ദ്ദേശപ്രകാരം ഡിഗ്രി കഴിഞ്ഞാണ് ഞാന്‍ പോയത്. Islamic Revealed Knowledge In Heritage & Human Science എന്ന ബിരുദ കോഴ്‌സിനാണ് ഞാന്‍ അവിടെ ചേര്‍ന്നത്. ലോകത്തെ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. Sharia, Theology, Human Science, Science, Engineering, B.B.A, M.B.A Medicine& Health Care, Architecture& Environmental Design, Law തുടങ്ങിയ എല്ലാ കോഴ്‌സുകളും അവിടെയുണ്ട്. ഇസ്‌ലാമിക് റിവീല്‍ നോളജ് റജാ അല്‍ ഫാറൂഖിയുടെ നേതൃത്വത്തില്‍ തുടങ്ങിയ Islamization of knowledge എന്ന ആശയം പ്രയോഗത്തില്‍ വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. റജാ അല്‍ ഫാറൂഖിയുടെ വിദ്യാര്‍ത്ഥികളാണ് അവിടത്തെ ഫാക്കല്‍റ്റിയിലെ പ്രൊഫസര്‍മാര്‍. Temple UNIVERSITY യില്‍ റജാ ഫാറൂഖിയുടെ ശിഷ്യന്മാരായിരുന്നു അവര്‍. ഇബ്രാഹിം സൈന്‍, മുതീഉറഹ്മാന്‍ തുടങ്ങിയവര്‍. സൗദി പൗരനായ അബു സുലൈമാന്‍ ആയിരുന്നു ഈ ഡിപ്പാര്‍ട്ട്ന്റിന്റെ ആദ്യ െറക്ടര്‍. അദ്ദേഹം ലോകത്തിലെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ പ്രൊഫസര്‍മാരെയും, ശാസ്ത്രജ്ഞന്മാരെയും, രാഷ്ട്രീയ വിചക്ഷണന്‍മാരെയുമെല്ലാം കൊണ്ടുവന്ന് ഏറ്റവും നല്ല ശമ്പളം നിശ്ചയിച്ച് അവിടെ നിയമിച്ചു. അന്ന് ലോകത്തെ ഏറ്റവും ഉന്നതരും, അഗ്രഗണ്യരുമായ ഡോക്ടര്‍മാരും, എഞ്ചിനിയര്‍മാരും, തത്വജ്ഞാനികളുമൊക്കെ ആയിരുന്നു ഓരോ ഫാക്കല്‍റ്റിയിലും ഉണ്ടായിരുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള ഏറ്റവും നല്ല വിദ്യാര്‍ത്ഥികളെയും അവരവിടെ കൊണ്ടു വന്നു. അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. ഇത് വലിയ മാറ്റങ്ങളുണ്ടാക്കി. പണ്ട് സ്‌പെയിനില്‍ നടന്ന മുസ്‌ലിം നവോത്ഥാനം പോലെ ഒരു വൈജ്ഞാനിക പുനരുദ്ധാരണമാണ് ഈ സിസ്റ്റം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. പല മുസ്‌ലിം രാഷ്ട്രങ്ങളിലും ഇന്ന് ഇത്തരം സ്ഥാപനങ്ങളുണ്ട്. ഒ.ഐ.സി യുടെ കീഴിലാണ് ലോകത്തുടനീളം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. Malaysian Universityയില്‍ പഠിക്കാന്‍ കഴിയുക വലിയ ഭാഗ്യമാണ്. കാരണം, ഉമ്മത്ത് എന്ന കണ്‍സപ്റ്റില്‍ നിന്നു കൊണ്ട് ലോകത്തെല്ലായിടത്തു നിന്നുമുള്ള ആളുകളെ സഹോദരന്മാരായിട്ടു കാണാനുള്ള ഒരു മനസ്സ് ഇത് നമുക്ക് നല്‍കും. ഓരോ രാഷ്ട്രത്തിലും നമുക്ക് ഓരോ വീടുകളുണ്ടാകും. 2003 വരെ ഞാനവിടെയുണ്ടായിരുന്നു. - മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള രാജ്യമാണ് മലേഷ്യ, അവിടത്തെ സാമൂഹിക സാംസ്‌കാരിക രംഗത്ത് അതിന്റെ വല്ല സവിശേഷതകളും കാണാന്‍ സാധിക്കുമോ? മലേഷ്യ ഒരു സെക്കുലര്‍ രാജ്യമാണ്. 60 ശതമാനത്തിലധികവും മുസ്‌ലിംകളാണ്. അവിടുത്തെ ലിഖിത നിയങ്ങളെല്ലാം മുസ്‌ലിംകള്‍ക്ക് അനുകൂലമാണ്. പ്രസിഡണ്ടും പ്രധാനമന്ത്രിയും മുസ്‌ലിമായിരിക്കണം. ഉന്നത കമ്പനികളിലെ മേധാവികളും മുസ്‌ലിംകളായിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു. ഭൂരിപക്ഷമായ മലായ് വംശജരെക്കൂടാതെ ചൈനക്കാരും ഇന്ത്യക്കാരും അവിടെയുണ്ട്. അവര്‍ക്ക എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കപ്പെടുന്നുണ്ട്. സെക്യുലര്‍ മുഖമാണെങ്കിലും ഇസ്‌ലാമിക സംസ്‌കാരം അവിടെയുണ്ട്. അവരുടെ വേഷത്തില്‍ അത് പ്രകടമാണ്. എല്ലാ സ്ഥലത്തും പള്ളികളുണ്ടാകും. അസ്സലാമു അലൈക്കും എന്നാണ് അവര്‍ പരസ്പരം അഭിവാദ്യം ചെയ്യുക. -ആദ്യ പ്രധാനമന്ത്രി തുംഗു അബ്ദുറഹ്മാന്‍ മുതല്‍ ഇന്നത്തെ നജീബ് റസാഖ് വരെയുള്ള എല്ലാ ഭരണാധികാരികളും ഇസ്‌ലാമിസ്റ്റുകളായിരുന്നില്ലേ? 1981 മുതല്‍ 2003 വരെ അവിടം ഭരിച്ച മഹാതീര്‍ മുഹമ്മദ് ലോക പ്രശസ്തനായ ഇസ്‌ലാമിക ചിന്തകനുമായിരുന്നു. എന്നാല്‍ ഇസ്‌ലാം വിഭാവന ചെയ്യുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടോ? ആ ഭരണാധികാരികള്‍ രാഷ്ട്രത്തിന് ഇസ്‌ലാമിക മുഖം നല്‍കുന്നതിനെക്കാള്‍ സെക്യുലര്‍ മുഖം നല്‍കാനാണ് ശ്രമിച്ചത്. അവിടെ ഏറ്റവും കൂടുതല്‍ കൂടുതല്‍ കാലം ഭരിച്ച മഹാതീര്‍ മുഹമ്മദിന്റെ പാര്‍ട്ടിയായ UMNO എല്ലാവരെയും സ്വാഗതം ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. അതേ സമയം മുസ്‌ലിംകള്‍ക്ക് എല്ലാ വിധ സ്വാതന്ത്ര്യവും പ്രത്യേക ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അവിടെ PAS പോലെയുള്ള ഇസ്‌ലാമിക പാര്‍ട്ടികളും ഉണ്ട്. ലോക പ്രശസ്ത ഇസ്‌ലാമിക ചിന്തകനായ അന്‍വര്‍ ഇബ്രാഹീമിന്റെ PEOPLES JUSTICE PARTY യുടെ പിന്തുണ PASനുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാത്തിലുള്ള ഭരണക്രമമാണ് അവര്‍ വിഭാവന ചെയ്യുന്നത്. ആദ്യമൊക്കെ മഹാതീറിന്റെ UMNO ആയിരുന്നു അവിടുത്തെ ശക്തമായി പാര്‍ട്ടി. എന്നാല്‍ ഇന്ന് പല സംസ്ഥാനങ്ങളിലും PAS വളരെ ശക്തമാണ്. PAS ന്റെ ലീഡര്‍മാരെല്ലാം പണ്ഡിതന്മാരാണ്. -തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും എ.കെ പാര്‍ട്ടിയുടെയും ഭരണക്രമവുമായി മലേഷ്യന്‍ ഭരണക്രമത്തിന് സാമ്യതകളുണ്ടോ? തുര്‍ക്കിയിലേതു പോലെ രാഷ്ട്രത്തെ ഇസ്‌ലാമികവല്‍ക്കരിക്കാനുള്ള ഹിഡണ്‍ അജണ്ട മലേഷ്യല്‍ ഭരണാധികാരികള്‍ക്കില്ല. എന്നാല്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക വളര്‍ച്ചക്കും പുരോഗതിക്കുമൊക്കെ ആവശ്യമായ ശ്രമങ്ങള്‍ അവര്‍ നടത്തുണ്ട്. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ഇതിന്റെ ഭാഗമായാണ്. ISTAC (The International Institute of Islamic Thought and Civilization) എന്ന പേരില്‍ ഒരു റിസര്‍ച്ച് യൂണിവേഴ്‌സിററി അവിടെ സ്ഥാപിച്ചതും ഈ ലക്ഷ്യം മുമ്പില്‍ വെച്ചാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള വലിയ വലിയ പണ്ഡിതന്മാരും ഇസ്‌ലാമിക ഗവേഷകരും അവിടെ വരാറുണ്ട്. ഇസ്‌ലാം എന്നു പറഞ്ഞ് വെറുതെ കൊട്ടിഘോഷിക്കുന്നതിനു പകരം ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വളര്‍ച്ചയും മുസ്‌ലിംകളുടെ ബുദ്ധിപരമായ പുരോഗതിയും അവര്‍ കൈ വരിക്കാന്‍ പരിശ്രമിച്ചു. ഉര്‍ദുഗാനും ഈയൊരു പാതയിലൂടെയാണ് മുമ്പോട്ടു പോകുന്നത്. തുര്‍ക്കിയിലെ ഗുലന്‍ മൂവ്‌മെന്റും, രിസാലെ നൂര്‍സിയുമൊക്കെ അത്തരത്തില്‍ കുറച്ചു കൂടെ അധ്യാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുന്നവരാണ്. അവര്‍ ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തും അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. -മലേഷ്യ സാമ്പത്തികമായി വളരെ ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യമാണ്. എല്ലാ തരത്തിലുള്ള വികസനത്തിലും അവര്‍ വളരെ മുന്നിലാണ്. എങ്ങനെയാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്? ഞാന്‍ മനസ്സിലാക്കിയടത്തോളം മഹാതീര്‍ മുഹമ്മദിന്റെ കാലം മുതല്‍ക്കാണ് ഇത്തരമൊരു വളര്‍ച്ച അവര്‍ കൈവരിച്ചത്. ലോകം സാമ്പത്തിക മാന്ദ്യത്തിന് അടിമപ്പെട്ട കാലത്ത് ഏറ്റവും നല്ല മാതൃകയാണ് ലോകത്തിനു മുമ്പില്‍ അദ്ദേഹം കാണിച്ചത്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി അവര്‍ സാമ്പത്തിക വളര്‍ച്ച ഉന്നം വെച്ചിരുന്നു. വ്യാപാര; വാണിജ്യ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാ വിധ നിക്ഷേപകരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഒരു സമയത്ത് വ്യവസായ രംഗത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച രാജ്യമായിരുന്നു മലേഷ്യ. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യവുമായിരുന്നു അത്. കാര്‍ നിര്‍മ്മാണം വരെ അവര്‍ നടത്തിയിരുന്നു. -മഹാതീര്‍ മുഹമ്മദിനെ ഇസ്‌ലാമിസ്റ്റ് എന്ന നിലക്ക് എങ്ങനെ നോക്കിക്കാണുന്നു? അദ്ദേഹത്തിന്റെ ഭാര്യയെ ഇസ്‌ലാമിക വസ്ത്ര ധാരണം ശീലിച്ചിട്ടില്ലാത്ത, തലമറക്കാത്ത ഒരു സ്ത്രീയായിട്ടാണ് നമ്മള്‍ കാണാറുള്ളത്. എങ്കിലും അദ്ദേഹത്തെ നല്ലൊരു മുസ്‌ലിമായിട്ടാണ് ഞാന്‍ മനസ്സിലാക്കിയത്. ഏകദേശം പത്ത് വര്‍ഷം മുന്‍പ് യു.എന്നില്‍ വെച്ച് അദ്ദേഹം നടത്തിയ ഇസ്രായേല്‍ വിരുദ്ധ പ്രസംഗവും, ഫലസ്തീന്‍ അനുകൂല നിലപാടുകളും ശ്രദ്ധേയമാണ്. അദ്ദേഹം സായുധ യുദ്ധത്തിനു പകരമായി Intellectual War നെയാണ് പ്രതിനിധാനം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും. പൗരോഹിത്യ സ്വഭാവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിന്റെ സൗന്ദര്യം ലോകത്തിന് മുമ്പില്‍ ഏറ്റവും അഭിമാനത്തോടു കൂടി ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. മതപരമായ മേഖലകളില്‍ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും മുസ്‌ലിംകള്‍ ഉയര്‍ന്നു നില്‍ക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. വളരെ ധൈര്യപൂര്‍വ്വം ലോകത്തിനു മുമ്പില്‍ എഴുന്നേറ്റു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അമേരിക്കയുടെ മുമ്പില്‍ പോലും വഴങ്ങാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. -1993 മുതല്‍ 1998 വരെ മഹാതീര്‍ മുഹമ്മദിന്റെ ഉപപ്രധാനമന്ത്രിയായിരുന്നു ലോകപ്രശസ്ത ഇസ്‌ലാമിക ചിന്തകനും സാമ്പത്തിക വിദഗ്ദനുമായ അന്‍വര്‍ ഇബ്രാഹീം. എന്നാല്‍ ഒരു ഘട്ടത്തില്‍ അവര്‍ തമ്മില്‍ തെറ്റിപ്പിരിയുന്നതാണ് ലോകം കണ്ടത് . അതിനെക്കുറിച്ച അവ്യക്തത ഇന്നും നിലനില്‍ക്കുന്നു എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? തീര്‍ച്ചയായും അതില്‍ അവ്യക്തതകളുണ്ട്. ഞാന്‍ മനസ്സിലാക്കിയടത്തോളം മഹാതീറിന്റെ വളരെയടുത്ത വിശ്വസ്തനായിരുന്നു അദ്ദേഹം. മുസ്‌ലിം യുവജന സംഘടനയായ ABIM ന്റെ നേതാവായിരുന്ന അന്‍വര്‍ ഇബ്രാഹിമിന്റെ പാണ്ഡിത്യവും യുവാക്കള്‍ക്കിടയിലുള്ള സ്വാധീനവും കാരണം മഹാതീര്‍ അദ്ദേഹത്തില്‍ ആകൃഷ്ടനായി. അങ്ങനെ അന്‍വറിനെ കൂടെക്കൂട്ടിയ മഹാതീര്‍ അദ്ദേഹത്തെ തന്റെ ധനകാര്യമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായും നിയമിച്ചു. പക്ഷെ പിന്നീടുണ്ടായ സംഭവങ്ങള്‍ ഒരു തരം രാഷ്ട്രീയമാണ്. അദ്ദേഹത്തിനെതിരെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. അതിലെ അവ്യക്തത ഇന്നും തുടരുന്നതിനാല്‍ ആരെയും കുറ്റപ്പെടുത്താന്‍ നമുക്കാവില്ല. പക്ഷെ കേസുകളിലെല്ലാം അന്‍വര്‍ ഇബ്രാഹീമിന് അനുകൂലമായി വിധികള്‍ പുറത്തു വന്നതാണ് പിന്നീട് നാം കണ്ടതാണ്. രണ്ടാമതും അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും നല്ല ഭൂരിപക്ഷത്തോടു കൂടി വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ വാന്‍ അസീസ ഇന്ന് സലാംഗൂര്‍ സംസ്ഥാനത്തിന്റെ മുഖ്യന്ത്രിയാണ്. മഹാതീറും അന്‍വര്‍ ഇബ്രാഹീമും കഴിവുള്ള ആളുകളാണ്. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയെ എങ്ങനെ ഫലഭൂയിഷ്ഠമാക്കാം എന്ന് മഹാതീര്‍ തന്റെ ഭരണകാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകത്തിന് കാണിച്ചു കൊടുത്തു. ജനങ്ങളെ ചിന്തിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ആദ്യമായി എഴുതിയ പുസ്തകമാണ് Malay Dilemma. ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടര്‍ കൂടിയായ അനേകം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. വളരെയധികം അപര്‍ഷതാബോധം അനുഭവിക്കുന്നവരായ മലായ് ജനതയെ അദ്ദേഹം നന്നായി പ്രോത്സാഹിപ്പിച്ചു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തി. അവരുടെ അപകര്‍ഷതാബോധം മാറ്റിയെടുക്കാന്‍ പരിശ്രമിച്ചു. മഹാതീറാണ് യഥാര്‍ത്ഥത്തില്‍ മലേഷ്യയെ ഇത്രയും നല്ല നിലയിലേക്ക് മാറ്റിയെടുത്തത്. -താങ്കള്‍ മനസ്സിലാക്കിയ അന്‍വര്‍ ഇബ്രാഹീം എന്ന വ്യക്തിത്വത്തെ പരിചയപ്പെടുത്താമോ? എനിക്ക് വളരെയധികം വ്യക്തിബന്ധമുള്ള ആളാണ് അന്‍വര്‍ ഇബ്രാഹീം. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോവാറുണ്ട്. അദ്ദേഹം ഇവിടെയും (പാണക്കാട്, കൊടപ്പനക്കല്‍) വന്നിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലക്കും ലീഡര്‍ എന്ന നിലക്കും എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ പെരുമാറ്റ രീതി, അറിവ്, പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍ എല്ലാം കേട്ടപ്പോള്‍ തന്നെ അത്രയും വിശാലമായ കാഴ്ചപ്പാടും നേതൃപാടവവും ഉള്ള വ്യക്തിയാണദ്ദേഹം എന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്റെ പിതാവില്‍ കണ്ടിരുന്ന പല ഗുണങ്ങളുമാണ് പലപ്പോഴും ഞാനദ്ദേഹത്തില്‍ കണ്ടത്. ഇത്തരം അപവാദങ്ങള്‍ ഉയര്‍ന്നു വന്നതില്‍ അദ്ദേഹത്തിന് മാനസികമായി വളരെയധികം വേദനയുണ്ടെങ്കിലും എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എനിക്ക് മഹാതീറിനെക്കുറിച്ചും അന്‍വര്‍ ഇബ്രാഹീമിനെക്കുറിച്ചും നല്ല അഭിപ്രായമാണ്. ആരും മോശക്കാരല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. രണ്ടു പേരും നല്ല വ്യക്തിത്വങ്ങളാണ്. ഓരോരുത്തര്‍ക്കും അവരുടേതായ കഴിവുകളുണ്ട്. അവരുടേതായ ഇടം ഇപ്പോഴും ഉണ്ട്. -കേരളത്തെയും മലേഷ്യയെയും താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് ഗുണപരമായ വല്ല മാതൃകയും അവരിലുണ്ടോ? ബുദ്ധിപരമായി കേരള മുസ്‌ലിംകളെ കവച്ചു വെക്കാന്‍ അവര്‍ക്കാവില്ലെങ്കിലും, അച്ചടക്കം, കൃത്യനിഷ്ഠത തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ നമുക്ക് മാതൃകയാണ്. കൂടുതല്‍ ചോദ്യം ചെയ്യാതെ നേതൃത്വത്തെ അനുസരിക്കാനും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ അവര്‍ക്ക് പിന്തുണ നല്‍കാനും നമുക്കാവണം. നമ്മുടെ നാട്ടില്‍ കക്ഷികള്‍ കൂടുതലാണ്. സംവാദങ്ങള്‍ കൂടുതലാണ്. എന്നാല്‍ വളരെ സമാധാനപരമായ ജീവിതമാണ് അവിടെയുള്ളത്. എല്ലാവരും സന്തുഷ്ടരാണ്. പരസ്പരം വിദ്വേഷങ്ങളില്ല. വളരെ ഐക്യത്തോടെയാണവര്‍ മുമ്പോട്ടു പോകുന്നത്. തങ്ങളുടെ ജോലികള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതോടൊപ്പം ബാക്കി സമയം പ്രാര്‍ത്ഥനിയിലും മറ്റും ചെലവഴിക്കുന്നു. -താങ്കളുടെ വിദ്യാഭ്യാസത്തെ പിതാവ് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് എനിക്ക് ഇങ്ങനെ പഠിക്കാനും വിദേശത്ത് പോകാനുമൊക്കെയുണ്ടായ സ്വാധീനം. കൂടുതല്‍ ആവശ്യപ്പെടാതെ തന്നെ അദ്ദേഹം എല്ലാം ഞങ്ങള്‍ക്ക് ചെയ്തു തന്നു. എല്ലാ അര്‍ത്ഥത്തിലും ഞങ്ങളെ പിന്തുണച്ചു. -ജീവിതത്തില്‍ പിതാവില്‍ നിന്നും ലഭിച്ച ഏറ്റവും നല്ല മാതൃക എന്തായിരുന്നു? thangal_shihab നമ്മള്‍ എത്ര ഉയര്‍ന്നാലും, ഏത് നേട്ടങ്ങള്‍ നേടിയാലും എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും അത് നമ്മള്‍ ആസ്വദിക്കുന്നതിനപ്പുറം നമുക്ക് നമ്മുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കാനാകണം. അദ്ദേഹം എത്ര ഉന്നതസ്ഥാനത്തായിരുന്നിട്ടും ഏറ്റവും താഴെക്കിടയിലുള്ള ആളുകളുമായിട്ടും ഒരു മുഷിപ്പുമില്ലാതെ നിരന്തരം ബന്ധപ്പെട്ടു. അവരുടെ പ്രശ്‌നപരിഹാരത്തിനു വേണ്ടി എന്നും നിലകൊണ്ടു. നമ്മള്‍ എത്ര ഉയര്‍ന്നാലും അത് താഴെക്കിടയിലുള്ള ആളുകളുടെ ഉന്നമനത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഒരുപാട് കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം സമൂഹത്തിനു മുമ്പില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു കൊണ്ട് ചെയ്യാന്‍ നമുക്ക് സാധിക്കണം. ചെയ്യുന്നത് കൂടുതല്‍ കൊട്ടിഘോഷിക്കരുത്. പ്രായോഗികമായി നമ്മുടെ ആയുസ്സ് നമ്മള്‍ ജീവിച്ച് തീര്‍ക്കണം. കപടത നമ്മെ നശിപ്പിക്കും. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മക്ക് വേണ്ടി എല്ലാവരെയും മനസ്സറിഞ്ഞ് ഒരേ പോലെ കണ്ടു കൊണ്ട് ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ കൈയിലുള്ളത് അറിവാകട്ടെ, അധികാരമാകട്ടെ, മറ്റെന്തുമാകട്ടെ എല്ലാം അതിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. -പിതാവില്ലാത്ത കൊടപ്പനക്കല്‍ തറവാട്, എങ്ങനെ അനുഭവപ്പെടുന്നു? വാപ്പ പോയാലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ വീട്ടില്‍ വാപ്പയുടെ ഓര്‍മ്മകളുണ്ട്. നമ്മളിവിടെ അനാഥരായിട്ടില്ല. വാപ്പയുള്ളപ്പോഴുള്ള അത്ര തിരക്കില്ലെങ്കിലും ആളുകള്‍ സ്ഥിരമായി ഇവിടെ വരാറുണ്ട്. ചൊവ്വാഴ്ചകളില്‍ നിറഞ്ഞ സാന്നിദ്ധ്യമാണുണ്ടാവുക. വാപ്പ ചെയ്ത കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്നു. വാപ്പയെപ്പോലെ ജനങ്ങളെ സ്‌നേഹിക്കാനും ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യാനും സാധിക്കുക എന്നുള്ളത് മഹാഭാഗ്യമാണ്. ആ രീതിയില്‍ എത്തിപ്പെടാന്‍ തന്നെയാണ് ഞങ്ങള്‍ മക്കള്‍ ആഗ്രഹിക്കുന്നത്. -സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന വ്യത്യസ്തനായ പണ്ഡിതനാണ് താങ്കള്‍. സോഷ്യല്‍ മീഡിയകള്‍ക്ക് അടിമപ്പെട്ട പുതിയ തലമുറ ഇന്ന് ചിന്താപരമായും മറ്റും ദിശ തെറ്റിയ ജീവിതത്തിലേക്ക് നീങ്ങുന്നത് കാണാം, എന്താണ് അവരോട് പറയാനുള്ളത്? പുതുതലമുറ ഇന്ന് വേറൊരു ലോകത്താണ് ജീവിക്കുന്നത്. അവര്‍ കുറച്ചു കൂടി പ്രാക്ടിക്കലാകേണ്ടതുണ്ട്. യാഥാര്‍ത്ഥ്യങ്ങളിലേക്ക് അവര്‍ തിരിച്ചു വരേണ്ടതുണ്ട്. മാതാപിതാക്കളോടും മുതിര്‍ന്നവരോടുമുള്ള ബഹുമാനവും ആദരവും കുറഞ്ഞു വരുന്നു. ജീവിതത്തിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കി കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്ത് മുമ്പോട്ട് പോകേണ്ടതുണ്ട്. വെല്ലുവിളി നിറഞ്ഞ ലോകത്തെയാണ് നമ്മള്‍ നേരിടാന്‍ പോകുന്നത്. ഈ കാലഘട്ടത്തില്‍ ജീവിക്കുന്നതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതാണ് അടുത്ത തലമുറയിലെ ജീവിതം. അവിടെ മൂല്യത്തോടു കൂടി ജീവിക്കാനുള്ള എല്ലാ നന്മയും ഇപ്പോഴേ നമ്മള്‍ പ്രാക്ടീസ് ചെയ്യണം. -കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്ത ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഒരാളെന്ന നിലയില്‍ ഇത്തരത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് ഒന്നിച്ചിരിക്കാന്‍ പറ്റിയ വേദികളെ കുറിച്ച് എന്ത് പറയുന്നു? ഹിസ്റ്ററി കോണ്‍ഫറന്‍സ് വളരെ നല്ല ഒരു സമ്മേളനമായിരുന്നു. നമ്മള്‍ എല്ലാ രീതിയിലുള്ള പിന്തുണയും അതിന് നല്‍കുന്നുണ്ട്. അടുത്ത ഫെബ്രുവരിയില്‍ കുവൈത്തില്‍ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. സംഘടനാ തലത്തില്‍ പല കാര്യങ്ങളിലും നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പൊതുവായ നല്ല കാര്യങ്ങളില്‍ എല്ലാ രീതിയിലുള്ള പിന്തുണയും ഉണ്ടാകും. നന്മയുള്ള കാര്യങ്ങളില്‍ നമ്മള്‍ ഒരുമിച്ച് മുമ്പോട്ടു പോവുക. നമ്മളെല്ലാം അല്ലാഹുവിന്റെ അടിമകളാണ്. എന്താണ് ശരിയെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. -സംഘടനാ വേര്‍തിരിവുകള്‍ക്കതീതമായി മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂസ്‌പോര്‍ട്ടലാണ് ഇസ്‌ലാംഓണ്‍ലൈവ്. എന്താണ് ഇതിനെ കുറിച്ച താങ്കളുടെ വിലയിരുത്തല്‍? ഇസ്‌ലാം ഓണ്‍ലൈവ് ഞാന്‍ ഇടക്കെല്ലാം നോക്കാറുണ്ട്. നല്ല പ്രസിദ്ധീകരണങ്ങളും യുവാക്കള്‍ക്ക് ഒരുപാട് ഗുണപ്രദമായ കാര്യങ്ങളുമാണ് അതിലുള്ളത്. വളരെ നല്ല രീതിയില്‍ മുമ്പോട്ടു പോകുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. തയ്യാറാക്കിയത് : മുബശ്ശിര്‍ എം
Posted on: Tue, 30 Sep 2014 18:50:38 +0000

Trending Topics



and-having-recently-topic-10205276665065869">Today, in light of my wife having eye surgery and having recently

Recently Viewed Topics




© 2015