തൗഹീദില്‍ വ്യതിയാനം - TopicsExpress



          

തൗഹീദില്‍ വ്യതിയാനം സംഭവിച്ചത് ആര്‍ക്ക്...? 02/09/2014 ... ബുധനാഴ്ച... കേരളത്തില്‍ അന്ന് ഹര്‍ത്താലായായിരുന്നു. ഒരു മധ്യാഹ്ന സമയം... അല്‍പ്പം ചില മടവൂര്‍ വിഭാഗം സുഹൃത്തുക്കള്‍ എന്‍റെ ചുറ്റും കൂടി.. അവരുമായി നടന്ന സൗഹൃദ സംഭാഷണത്തില്‍ നിന്നടര്‍ത്തിയെടുത്ത ഏതാനും ചില പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്.. ഒരു പഠനം എന്ന നിലക്ക് എല്ലാവര്‍ക്കും ഉപകരിക്കട്ടെ എന്ന സദുദ്ദേശത്തോടെയാണ് ഇത് ഇവിടെ പകര്‍ത്തുന്നത്.... എന്താണ് പഞ്ചഭൂതങ്ങള്‍..? എന്ന് വിശദീകരിച്ചു കൊടുക്കുന്നതിനിടയില്‍, ഭൗതികം അഭൗതികം എന്ന പദാര്‍ത്ഥം കയറി വന്നു.. അതിന്‍റെയും വിശദാംശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പെട്ടെന്ന് അവര്‍ ജിന്നിലേക്ക് എടുത്തു ചാടി.. പിന്നീട് മടവൂര്‍ വിഭാഗം സുഹൃത്തുക്കള്‍ കുറേ നേരത്തേക്ക് ജിന്ന് വാദികളായി മാറുകയായിരുന്നു... വായു, വെള്ളം, അഗ്നി, പ്രകാശം, മണ്ണ് ഇവയാണ് പഞ്ചഭൂതങ്ങള്‍. ഭൗതികം എന്ന് പറയുമ്പോള്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് അടങ്ങിയിട്ടുണ്ടാവും, ഈ പഞ്ചഭൂതങ്ങളില്‍പ്പെട്ട അഗ്നി കൊണ്ടാണ് ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടത്, മനുഷ്യരെ സൃഷ്ടിക്കപ്പെട്ടത് മണ്ണ് കൊണ്ടുമാണ്.. അത് കൊണ്ട് ജിന്നുകളും മനുഷ്യരും അഭൗതികമല്ല ഭൗതിക സൃഷ്ടികള്‍ തന്നെ..... ഈ നിര്‍വചനം പറയുന്നത് ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്കല്ല എന്ന് പറയാന്‍ വേണ്ടിയല്ലേ എന്ന പരാമര്‍ശം വന്നു.. “അല്ല നിങ്ങള്‍ ശിര്‍ക്കിലേക്ക് പോവാതിരിക്കാന്‍ വേണ്ടിയാണ്” എന്ന ഉത്തരവും കൊടുത്തു...പിന്നീട് എന്നോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു.. എന്‍റെ ചോദ്യങ്ങള്‍ അവരുടെ നേതാവിന്‍റെ നേരെ തൊടുത്തു വിട്ടു.. ചോദ്യം: ജിന്നിനോടുള്ള എല്ലാ ചോദ്യങ്ങളും ശിര്‍ക്കാണോ..? നേതാവ്: ഇത് മുസ്ലിയാക്കന്മാര്‍ ചോദിക്കുന്ന കുരുട്ടു ചോദ്യമാണ് നിങ്ങള്‍ ചോദിക്കുന്നത്.. (ഏറെ നേരം വിശദീകരണം നല്‍കിയ ശേഷം ഉസ്താദിന്‍റെ മറുപടി വന്നു) എല്ലാ ചോദ്യങ്ങളും ശിര്‍ക്കാണ്‌.... എങ്കില്‍, അല്ലാഹുവിന്‍റെ ശത്രു, നീ പുറത്ത് പോ.. എന്ന് ജിന്നിനോട് ആവശ്യപ്പെട്ടാല്‍ അത് ശിര്‍ക്കാണോ? ഹറാമാണോ? അനുവദനീയമാണോ? മറുപടി പറയാന്‍ തുടങ്ങിയ നേതാവ് വിഷയവുമായി ബന്ധമില്ലാത്ത കുറേ സാങ്കല്‍പ്പിക ഉദാഹരണങ്ങളുമായി രംഗത്തിറങ്ങി....ഈ ചോദ്യത്തിന്‍റെ ഉത്തരം ചര്‍ച്ച അവസാനിക്കുന്നത് വരെയും നേതാവില്‍ നിന്ന് കിട്ടിയില്ല.... നേതാവ്: മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖിനോട് ചോദിക്കുന്നതും ജിന്നിനോട് ചോദിക്കുന്നതും ഒരു പോലെയാണ്....അത് കൊണ്ട് രണ്ടും ശിര്‍ക്കാണ്‌... ഞങ്ങളും അത് തന്നെ പറയുന്നു, മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖിനോട് ചോദിക്കുന്നത് പോലെ ജിന്നിനോട് ചോദിച്ചാല്‍ അത് ശിര്‍ക്കാണ്‌.. ശിര്‍ക്കല്ല എന്ന വാദം ഞങ്ങളില്‍ ആര്‍ക്കുമില്ല... ജിന്നിനോട് മാത്രമല്ല ആരോട് തേടിയാലും ചോദ്യം പ്രാര്‍ത്ഥനയാണെങ്കില്‍ അത് ശിര്‍ക്ക് തന്നെയാണ്... നേതാവ്: ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനോട് സഹായം ചോദിച്ചാല്‍ അത് ശിര്‍ക്കല്ല ഹറാം മാത്രമാണ് എന്നല്ലേ നിങ്ങളുടെ വാദം..? അതെ, അത് ജിന്നിനോട് മാത്രമല്ല ഹയ്യും ഹാളിറും ഖാദിറുമായ ആരോട് ചോദിച്ചാലും പ്രാര്‍ത്ഥനയല്ലെങ്കില്‍ ശിര്‍ക്കല്ല, മനുഷ്യനോടായാല്‍ അനുവദനീയം.. ജിന്നിനോടായാല്‍ ഹറാം... ശിര്‍ക്കിലേക്ക് എത്തിക്കുന്ന വസീലത്ത് ശിര്‍ക്ക്... ഇതാണ് ഞങ്ങളുടെ വാദം... നേതാവ്: മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖിനോട് എനിക്ക് ഒരു ഗ്ലാസ് വെള്ളം തരൂ...എന്ന് ചോദിക്കുന്നത് ശിര്‍ക്കാണ്.. അത് പോലെ ഒരു ഗ്ലാസ് വെള്ളം തരൂ എന്ന് ജിന്നിനോട് ചോദിക്കുന്നതും ശിര്‍ക്കാണ്‌.. മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖിനോട് ബുദ്ധിയുള്ള ആരും ഒരു ഗ്ലാസ് വെള്ളം തരൂ എന്ന് ചോദിക്കാറില്ല.. മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖും ഹയ്യും ഹാളിറും ഖാദിറുമായ ജിന്നും ഒരു പോലെയാണോ..? എന്തിനാണ് ഇങ്ങിനെ ഇല്ലാത്ത സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ഉണ്ടാക്കുന്നത്...? നമ്മുടെ മുമ്പിലുള്ള അല്ലാഹുവിന്‍റെ ഒരു പടപ്പിനോട്, അത് ആരുമാവട്ടെ, ഒരു ഗ്ലാസ് വെള്ളം തരൂ എന്ന് ചോദിച്ചാല്‍ അത് ഇബാദത്തിന്‍റെ പരിധിയില്‍ വരുന്ന സഹായ തേട്ടമാവുമോ..? അത് ഇബാദത്താവുമോ...? ശിര്‍ക്കാവുമോ..? നേതാവ്: ജിന്നിനോടുള്ള ആ ചോദ്യം മറഞ്ഞ വഴിക്കുള്ള സഹായം പ്രതീക്ഷിക്കലാണ്... അത് കൊണ്ട് ജിന്ന് ഹയ്യായാലും ഹാളിറായാലും ഖാദിറായാലും അത് ശിര്‍ക്ക് തന്നെയാണ്.... അങ്ങിനെയെങ്കില്‍ ഒരു കാര്യം ശിര്‍ക്കാവാന്‍ മുജാഹിദ് പ്രസ്ഥാനം ഇത് വരെ പഠിപ്പിച്ച ആദര്‍ശം നിങ്ങള്‍ക്ക് മാറ്റി തിരുത്തേണ്ടി വരില്ലേ..? അഭൗതികവും കാര്യ കാരണ ബന്ധങ്ങള്‍ക്കതീതവും സൃഷ്ടികളുടെ കഴിവില്‍പ്പെടാത്തതുമായ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യം അല്ലാഹുവിന്‍റെ പടപ്പിനോട് ചോദിക്കുമ്പോഴാണ് ശിര്‍ക്ക്... ദാത്തിലോ സ്വിഫാത്തിലോ, അഫ്ആലിലോ അഥവാ അല്ലാഹുവിന്‍റെ സത്തയിലോ, വിശേഷണങ്ങളിലോ, പ്രവര്‍ത്തികളിലോ, സൃഷ്ടികളെ പങ്ക് ചേര്‍ക്കുക എന്ന വിശ്വാസമാണ് ശിര്‍ക്ക് എന്നായിരുന്നു മുജാഹിദ് പ്രസ്ഥാനം ഇക്കാലമത്രയും ജനങ്ങളെ പഠിപ്പിച്ചു വന്ന ആദര്‍ശം.... അത് നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരില്ലേ...? اياك نعبد واياك نستعين “അല്ലാഹുവേ, നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു, അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” എന്ന് പ്രഖ്യാപിക്കുമ്പോള്‍ അവിടെ ഇബാദത്തിന്‍റെ പരിധിയില്‍ വരുന്ന സഹായ തേട്ടമാണ്‌ ഉദ്ദേശം എന്ന മുജാഹിദ് പ്രസ്ഥാനം ഇത്രയും കാലം പുലര്‍ത്തി പോന്ന ആശയാദര്‍ശത്തിന് വിരുദ്ധമല്ലേ നിങ്ങളുടെ ഈ വാദം..? അപ്പോള്‍, ശിര്‍ക്കിന്ന് മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച നിര്‍വചനമൊക്കെ തെറ്റായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്..? നഗ്ന ദൃഷ്ടി കൊണ്ട് കാണാതിരിക്കുക എന്നതാണോ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ഭാഷയില്‍ അഭൗതിക മാര്‍ഗ്ഗം....? നേതാവ്: ജിന്നും മനുഷ്യനും തമ്മില്‍ യാതൊരു കാര്യ കാരണ ബന്ധവുമില്ല, മനുഷ്യരെ സംബന്ധിച്ച് ജിന്നുകള്‍ അഭൗതികരാണ്, ജിന്നുകളെ നാം കാണുന്നില്ല, അത് കൊണ്ട് അവരോടുള്ള എന്ത് ചോദ്യവും ശിര്‍ക്കാണ്‌... ജിന്നും മനുഷ്യരും തമ്മില്‍ യാതൊരു കാര്യ കാരണ ബന്ധവുമില്ലാതെയാണോ അവര്‍ മനുഷ്യരില്‍ ഉപദ്രവം ഉണ്ടാക്കുമെന്നും അവര്‍ സഹായിക്കുമെന്നും അവര്‍ നമ്മില്‍ വസ്വാസ് ഉണ്ടാക്കുമെന്നും വിശ്വസിക്കുന്നത്..? ഒരു കാര്യ കാരണ ബന്ധവും ഇല്ലാതെയാണോ നിങ്ങള്‍ തന്നെ ഇവിടെ ഉദാഹരണത്തില്‍ പറഞ്ഞ ഒരു ഗ്ലാസ് വെള്ളം തരൂ എന്ന ചോദ്യം ചോദിക്കുന്നത്..? കാര്യ കാരണ ബന്ധമില്ലാതെ ചെയ്യുന്നത് അല്ലാഹു മാത്രമാണ്, അപ്പോള്‍, ജിന്നുകളും മനുഷ്യരും തമ്മില്‍ യാതൊരു കാര്യ കാരണ ബന്ധവുമില്ല, എന്ന് നിങ്ങള്‍ വാദിക്കുമ്പോള്‍, ജിന്നുകള്‍ മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നതും, കാണുന്നതും, കേള്‍ക്കുന്നതും, എല്ലാം കാര്യ കാരണ ബന്ധമില്ലാതെയാണെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കേണ്ടതായി വരുന്നു.. അപ്പോള്‍, ആ വിശ്വാസത്തിലൂടെ നിങ്ങളാണ് ശിര്‍ക്കിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.....ഇതാണ് ഞാന്‍ തുടക്കത്തില്‍ നിങ്ങള്‍ ശിര്‍ക്കിലേക്ക് പോവാതിരിക്കാനാണ്പറയുന്നത് എന്ന് പറഞ്ഞത്... നേതാവ്: മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖ് തങ്ങളോട് ഈ സാധനം (സ്കൂളില്‍ പഠിക്കുന്ന തന്‍റെ മകന്‍റെ INSTRUMENT BOX ചൂണ്ടി കാണിച്ചു കൊണ്ട്) ഇത് ഇവിടെ നിന്ന് ഇത് മാറ്റി തരണേ എന്ന് ഖിയാമത്ത് നാള്‍ വരെ ആവശ്യപ്പെട്ടാലും അതിന് മുഹിയിദ്ധീന്‍ ശൈഖിന്ന് കഴിയില്ല, എന്ന് ഞാന്‍ വെല്ലു വിളിക്കുന്നു.. അത് പോലെ ഈ സാധനം ഇവിടെ നിന്ന് മാറ്റി തരാന്‍ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനോട് ആവശ്യപ്പെട്ടാല്‍ അന്ത്യ നാള്‍ വരെ ജിന്നിനും അതിന് കഴിയില്ല എന്ന് ഞാന്‍ വെല്ലു വിളിക്കുന്നു.. പ്രിയപ്പെട്ട സുഹൃത്തെ...... നാം തമ്മിലുള്ള തര്‍ക്കം ജിന്നിന് എന്തൊക്കെ കഴിവുകളുണ്ട് എന്നതാണോ....? അതാണോ നാം തമ്മിലുള്ള തര്‍ക്കം..? ഇനി വാദത്തിന് വേണ്ടി നിങ്ങളുടെ വെല്ലു വിളി ഏറ്റെടുത്താല്‍ തന്നെ ജിന്നുകള്‍ക്ക് അങ്ങിനെ ഒരു കഴിവില്ല എന്നതിന് നിങ്ങള്‍ക്ക് തെളിവ് കൊണ്ട് വരാന്‍ സാധ്യമല്ല.. എന്നാല്‍, കഴിവുകളുണ്ട് എന്നതിനാണ് തെളിവുകള്‍ ലഭിക്കുക.. സുലൈമാന്‍ നബിക്ക് അധീനപ്പെടുത്തിയ ജിന്നുകളുടെ കഴിവ് മനസ്സിലാക്കുന്നതിലൂടെ, ലൂത്ത് നബിയുടെ ജനതയെ നശിപ്പിച്ച മലക്കുകളുടെ കഴിവ് മനസ്സിലാക്കുന്നതിലൂടെ, ജിന്നുകള്‍ക്കും മലക്കുകള്‍ക്കും കഴിവുകള്‍ ഉണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.. എന്നാല്‍, സുലൈമാന്‍ നബിയുടെ സാന്നിദ്ധ്യത്തിലുള്ള ജിന്നുകളോട് മുഅജിസത്തുള്ള സുലൈമാന്‍ നബി ആവശ്യപ്പെട്ടത് പോലെ നമുക്ക് ആവശ്യപ്പെടാന്‍ സാധ്യമല്ല.. കാരണം അല്ലാഹു സുലൈമാന്‍ നബിക്ക് ജിന്നുകളെ കീഴ്പ്പെടുത്തി കൊടുത്തത് പോലെ ജിന്നുകളെ അല്ലാഹു നമുക്ക് കീഴ്പ്പെടുത്തി തന്നിട്ടില്ല... എന്നാല്‍, സാന്നിദ്ധ്യത്തിലുള്ള ജിന്നിനോട്, എന്തെങ്കിലും ചോദിക്കുമ്പോള്‍, ആ ചോദ്യത്തിന്‍റെ സ്വഭാവം അനുസരിച്ചാണ് അത് ശിര്‍ക്കും ഹറാമും ആയി തീരുന്നത്.. മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖ് ജീവിച്ചിരിക്കുന്നില്ല, അത് കൊണ്ട് തന്നെ അദ്ദേഹവും നമ്മളും തമ്മില്‍ യാതൊരു കാര്യ കാരണ ബന്ധവുമില്ല...അത് കൊണ്ട് തന്നെ അത് ശിര്‍ക്കാണ്‌.. എന്നാല്‍, ജിന്നുകളും മനുഷ്യരും അങ്ങിനെയാണോ..? അല്ല.. അവര്‍ നമ്മെ കാണുന്നു.. അവര്‍ ഈ ലോകത്ത് തന്നെ ജീവിക്കുന്നു.. അവര്‍ നമ്മെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു... അവര്‍ നമ്മെപ്പോലെ തിന്നുകയും കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു.. അവര്‍ നമ്മെപ്പോലെ വിവാഹം കഴിക്കുന്നു.... സന്താനങ്ങള്‍ ജനിക്കുന്നു.. അങ്ങിനെ മനുഷ്യരുടെ എല്ലാ സ്വഭാവ ഗുണങ്ങളും വിശേഷണങ്ങളും അവരിലും സമ്മേളിക്കുന്നു... പക്ഷെ, അവര്‍ ശക്തിയിലും പ്രകൃതിയിലും മനുഷ്യരില്‍ നിന്ന് ഏറെ വ്യത്യസ്തവും വിഭിന്നവുമാണ്‌.. അവര്‍ക്ക് ജന്തു ജാലങ്ങളുടെ രൂപം പ്രാപിക്കാനും രൂപം മാറാനും അതി ശീഘ്ര വേഗതയില്‍ ലോകത്തെവിടെയും സഞ്ചരിക്കാനും നിമിഷങ്ങള്‍ക്കകം എവിടെയും ചെന്നെത്താനും കഴിയുന്നു.. ശക്തമായ പര്‍വത നിരകളെപ്പോലും തട്ടി നിരപ്പാക്കാനും പടുകൂറ്റന്‍ സൗധങ്ങളെപ്പോലും തകര്‍ത്ത് തരിപ്പണമാക്കാനും, നിമിഷങ്ങള്‍ കൊണ്ട് നിര്‍മ്മിക്കാനും അവര്‍ക്ക് സാധിക്കുന്നു... ഉപകരണങ്ങളും ഉപാധിയുമില്ലാതെ ആഴിയുടെ അഗാധതയിലേക്ക് ഊളിയിട്ടിറങ്ങാനും ആകാശത്തിലൂടെ പറക്കാനും ഭൂമിലൂടെ സഞ്ചരിക്കാനും അവര്‍ക്ക് കഴിയുന്നു.. അതി ശക്തമായ കോട്ട കൊട്ടാരങ്ങളെപ്പോലും നിമിഷങ്ങള്‍ കൊണ്ട് ഇളക്കിയെടുത്ത് മാറ്റിസ്ഥാപിക്കാനും അവര്‍ക്ക് കഴിയുന്നു... അവര്‍ മനുഷ്യരെ കാണുന്നു.. എന്നാല്‍ മനുഷ്യര്‍ക്ക് അവരെ അവരുടെ യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ സാധിക്കുന്നില്ല.. എന്ന വ്യത്യാസം മാത്രമേയുള്ളൂ.... ഇതെല്ലാം ഹദീസുകളിലും ആയത്തുകളിലും വന്നതാണ്... നേതാവ്: ജിന്നുകള്‍ നമ്മെ കാണുമെന്നും സഹായിക്കുമെന്നും വിശ്വസിച്ചാല്‍ ശിര്‍ക്കല്ല, കാരണം അത് ഖുര്‍ആനില്‍ വന്നതാണ്.. മനുഷ്യരെ സംബന്ധിച്ച് അഭൗതികരായ അവര്‍ നമ്മെ സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കല്ല.. അവരോട് സഹായം തേടുന്നതാണ് ശിര്‍ക്ക്... മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖും ജിന്നും ഒരു പോലെയാണ് എന്ന് വാദിക്കുന്ന നിങ്ങള്‍ക്ക് എങ്ങിനെയാണ് ജിന്നുകള്‍ നമ്മെ കാണുന്നതും സഹായിക്കുന്നതും വിശ്വസിച്ചാല്‍ അത് ശിര്‍ക്കല്ല എന്ന് പറയാന്‍ സാധിക്കുക....? മരിച്ചു പോയ മുഹിയിദ്ധീന്‍ ശൈഖ് നമ്മെ കാണുന്നതും കേള്‍ക്കുന്നതും അഭൗതിക മാര്‍ഗ്ഗത്തിലായത് പോലെ ജിന്നുകളും മലക്കുകളും നമ്മെ കാണുന്നതും കേള്‍ക്കുന്നതും നിങ്ങളുടെ ഭാഷയില്‍ അഭൗതിക മാര്‍ഗ്ഗം തന്നെയല്ലേ...? അപ്പോള്‍ നിങ്ങളുടെ ഭാഷയില്‍ അവര്‍ കാണും കേള്‍ക്കും എന്ന് വിശ്വസിച്ചാല്‍ അതും ശിര്‍ക്ക് തന്നെയല്ലേ..? ഒരു കാര്യം വിശ്വസിച്ചാല്‍ ശിര്‍ക്കല്ല തേടിയാലാണ് ശിര്‍ക്ക് എന്ന് സലഫി പ്രസ്ഥാനം എവിടെയാണ് പഠിപ്പിച്ചത്..? മുഹിയിദ്ധീന്‍ ശൈഖും ജിന്നുകളും ഒരു പോലെയാണ് എന്ന് വാദിച്ച നിങ്ങള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് സമസ്തക്കാരുടെ വിശ്വാസത്തിലാണ്... വിശ്വസിച്ചാല്‍ ശിര്‍ക്കല്ല തേടിയാല്‍ മാത്രമേ ശിര്‍ക്കാവുകയുള്ളൂ എന്ന സലഫികളുടെതല്ലാത്ത വിശ്വാസത്തിലാണ്.. (ളുഹര്‍ നമസ്കാരത്തിനുള്ള സമയമായപ്പോള്‍ ചര്‍ച്ച തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചു...പിന്നീട് സംസാരിക്കാന്‍ അവര്‍ ആരും വന്നതുമില്ല)
Posted on: Fri, 12 Sep 2014 16:06:21 +0000

Trending Topics



hab da vllt was nettes für euch meine Beste
According to material obtained by the Center for Media and
Great industry news today from Britt Fair at the Collin County /

Recently Viewed Topics




© 2015