നമുക്ക് എത്രപേർക്ക്‌ - TopicsExpress



          

നമുക്ക് എത്രപേർക്ക്‌ അറിയാം⁉ ഫിസിക്സിൽ ബിരുദമുള്ള ഇന്ഗ്ലീഷിൽ പത്തിലധികം ഗ്രന്ഥങ്ങൾ രചിച്ച , അമേരിക്ക ഉൾപടെ പ്രമുഖ രാജ്യങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ക്ഷണംലഭിച്ച , ഇന്ഗ്ലീഷ് ജെർലനുകളിൽ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്ന , ശാസ്ത്രീയ സംഗീതത്തിലും , ഓടക്കുഴൽ വായനയിലും അനിർവചനീയമായ പരിജ്ഞാനം ഉണ്ടായിരുന്ന വിജ്ഞാനം നേടാനായി ജീവിച്ചു , മൗലവി എന്ന പേരിനെ വിസ്മയിപ്പിച്ച പണ്ഡിതനെകുറിച്ച് . മൗലികതയുള്ള ചിന്തയും ബഹുഭാഷാപാണ്ഡിത്യവും ആശയഗാംഭീര്യമുള്ള പ്രഭാഷണവും ആഴമുള്ള രാഷ്ട്രീയ നിരീക്ഷണവും ഇസ്ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തിയുമുള്ള പ്രതിഭയായിരുന്നു മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി. മതപണ്ഡിതരെക്കുറിച്ച, ഇടുങ്ങിയ സാമ്പ്രദായികധാരണകള്‍ അദ്ദേഹം തിരുത്തിക്കുറിച്ചു. ശാസ്ത്രവും തത്ത്വചിന്തയും ചരിത്രവും ലോകരാഷ്ട്രീയവും സവിശേഷമായി വിശകലനം ചെയ്ത അദ്ദേഹം, കര്‍മശാസ്ത്രത്തിന്‍െറ തലനാരിഴകള്‍ കീറി തര്‍ക്കിക്കുകയും വിലകുറഞ്ഞ വാദപ്രതിവാദങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന മതപണ്ഡിതരില്‍നിന്ന് വഴിമാറി നടന്നു. വിദ്യാഭ്യാസത്തോട് സമുദായം പൊതുവെ വിമുഖത കാണിച്ചിരുന്ന കാലത്താണ് അദ്ദേഹം പഠിച്ചു വളര്‍ന്നത്. 65 ഏക്കറോളം കൃഷിഭൂമിയുണ്ടായിരുന്ന കുടുംബത്തിന്‍െറ സാമ്പത്തികാവസ്ഥയും, എഴുത്തും വായനയും അറിയുന്ന പിതാവും പ്രദേശത്തെ ആദ്യ ബിരുദധാരിയായ സഹോദരന്‍ അബ്ദുറഹിമാന്‍ കുഞ്ഞും കോയാകുട്ടി മൗലവിക്ക് നല്ല പഠനാന്തരീക്ഷമൊരുക്കി. സ്കൂളില്‍ മലയാളം ഒന്നാം ഭാഷയായി പഠിക്കാന്‍ പ്രേരിപ്പിച്ചത് ജ്യേഷ്ഠനായിരുന്നു. അറബി ഭാഷ വീട്ടില്‍ പഠിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. അതിനായി മതാധ്യാപകരെ വീട്ടിലേക്കു വരുത്തി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് ഇന്‍റര്‍മീഡിയറ്റും കൊല്ലം എസ്.എന്‍ കോളജില്‍നിന്ന് ബിരുദവും നേടി. ഫിസിക്സായിരുന്നു മുഖ്യവിഷയം. കോളജ് വിദ്യാഭ്യാസവും വായനയും ജ്യേഷ്ഠന്‍െറ ശിക്ഷണവും വഴി ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം നേടാനായത് മൗലവിയുടെ വൈജ്ഞാനിക ജീവിതത്തിന് വലിയ മുതല്‍ക്കൂട്ടായി. കോളജ് വിദ്യാഭ്യാസാനന്തരം സഹപാഠികളെല്ലാം ജോലി തേടി പോയപ്പോള്‍ കോയാകുട്ടി മൗലവി തെരഞ്ഞെടുത്തത് ഇസ്ലാമിക പഠനത്തിന്‍െറ വഴിയായിരുന്നു. ‘എല്ലാവരും ഡോക്ടറും എന്‍ജിനീയറും വക്കീലുമൊക്കെ ആകുന്നതെന്തിന്? ഇസ്ലാമിക വിഷയങ്ങള്‍ പഠിക്കാം അതും ആവശ്യമാണല്ളോ’ -ഇതായിരുന്നു അദ്ദേഹത്തിന്‍െറ ചിന്ത. ഇഞ്ചക്കല്‍ അബ്ദുല്‍ ഖാദര്‍ മുന്‍ഷി, കായംകുളം ഉമ്മര്‍ക്കുട്ടി മൗലവി, കരുനാഗപ്പള്ളി പി.കെ. യൂനുസ് മൗലവി തുടങ്ങി തെക്കന്‍ കേരളത്തിലെ പ്രഗല്ഭ മതപണ്ഡിതര്‍ അദ്ദേഹത്തിന്‍െറ ഗുരുനാഥന്മാരായി. പരന്ന വായനയാണ് കോയാകുട്ടി മൗലവിയിലെ പ്രതിഭയെ രൂപപ്പെടുത്തിയെടുത്ത ഘടകങ്ങളിലൊന്ന്. കായംകുളത്തെ ദേശബന്ധു വായനശാലയായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന തട്ടകം. വലിയ കോയിതമ്പുരാന്‍, രാമവര്‍മ തമ്പുരാന്‍, മലബാര്‍ സുകുമാരന്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, ചങ്ങമ്പുഴ, ആശാന്‍, വള്ളത്തോള്‍, പാലാ നാരായണന്‍ നായര്‍ തുടങ്ങിയവരെയെല്ലാം ചെറുപ്പത്തിലേ അദ്ദേഹം വായിച്ചു. ഇംഗ്ളീഷ്-മലയാളം കവിതകള്‍ ധാരാളം മനപാഠമാക്കിയിരുന്നു മൗലവി. കവിതയാണ് ഭാഷയുടെ നട്ടെല്ളെന്ന് അദ്ദേഹം പറയുമായിരുന്നു. ബര്‍ട്രന്‍റ് റസല്‍, വൈറ്റ് ഹെഡ്, വില്യം ജെയിംസ്, ഹക്സലി, അര്‍ണോള്‍ഡ് ടോയന്‍ബി, ക്രിസ്റ്റിനോസ, വില്‍ഡ്യൂറാന്‍റ് തുടങ്ങിയ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും മുതല്‍ ഇമാം റാസി, റൂമി, ഇമാം സുയൂത്വി, ബൈദാവി, ഇമാം ഗസാലി തുടങ്ങിയ ഇസ്ലാമിക പണ്ഡിതന്മാരെ വരെ അദ്ദേഹം വായിച്ചു. അത് അദ്ദേഹത്തിന്‍െറ വൈജ്ഞാനിക മണ്ഡലത്തെ വിശാലമാക്കി. സാധാരണ മത പണ്ഡിതനില്‍നിന്ന്, ഉയര്‍ന്ന ചിന്തകനായി അദ്ദേഹം വളര്‍ന്നത് അങ്ങനെയായിരുന്നു. ആ പരന്ന വായനശീലം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും ശ്രദ്ധേയമായ പുതിയ കൃതികള്‍ അദ്ദേഹം തേടിപ്പിടിക്കുമായിരുന്നു. അമേരിക്കയില്‍നിന്നും ജപ്പാനില്‍നിന്നുമൊക്കെ അദ്ദേഹം പുസ്തകങ്ങള്‍ വരുത്തി. കാഴ്ചക്ക് പ്രശ്നമുള്ളതിനാല്‍ കണ്ണടക്ക് പുറമെ വലിയ ലെന്‍സ് കൂടി ഉപയോഗിച്ചാണ് വായന. ശാസ്ത്രം, തത്ത്വചിന്ത, ഖുര്‍ആന്‍, ചരിത്രം, യുക്തിവാദം, മത-ശാസ്ത്ര താരതമ്യം തുടങ്ങിയവയായിരുന്നു മൗലവിയുടെ പ്രധാന പഠന മേഖലകള്‍. മുസ്ലിം ശാസ്ത്ര പാരമ്പര്യത്തെയും ഖുര്‍ആന്‍-ശാസ്ത്ര ബന്ധത്തെയും കുറിച്ച് അദ്ദേഹത്തിന് സവിശേഷ അവഗാഹമുണ്ടായിരുന്നു. ഈ വിഷയങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലും അറബ് നാടുകളിലും അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രഭാഷണങ്ങള്‍ക്കും പ്രബന്ധാവതരണങ്ങള്‍ക്കും അദ്ദേഹം ക്ഷണിക്കപ്പെടുകയുണ്ടായി. 2004ല്‍ അമേരിക്കയിലെ മെറിലാന്‍ഡില്‍ മൗലവി നടത്തിയ പ്രഭാഷണം കേട്ട്, വാഷിങ്ടണിലെ ജൂത യൂനിവേഴ്സിറ്റി അവരുടെ കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്താന്‍ അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി; Synonyms in Arabic and Hebrew- ഹിബ്രുവിലെയും അറബിയിലെയും പര്യായ പദങ്ങള്‍ -എന്നതായിരുന്നു വിഷയം. ഇംഗ്ളീഷില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വിദേശ പത്രമാസികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും പിഎച്ച്.ഡിക്കും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികള്‍ സംശയ നിവാരണത്തിനായി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഒറ്റ വാള്യത്തില്‍ ഒരു ഖുര്‍ആന്‍ വിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ 1955ല്‍ ആരംഭിച്ച ദൗത്യം പൂര്‍ത്തിയാകുന്നത് 1965ല്‍. 1996 വരെ ആറ് പതിപ്പുകളിറങ്ങിയ പരിഭാഷക്ക് 1967ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1968ല്‍ മക്കയില്‍നിന്ന് മുഖദ്ദിമയുടെ ഒരു കോപ്പി കരസ്ഥമാക്കിയ മൗലവി 1970, 75, 81 വര്‍ഷങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് വിവര്‍ത്തനം നിര്‍വഹിച്ചത്. 1970ല്‍ ആരംഭിച്ച ദൗത്യം പൂര്‍ത്തിയായി പുസ്തകം പുറത്തിറങ്ങിയത് 1986ല്‍. ‘മാതൃഭൂമി’യായിരുന്നു പ്രസാധകര്‍. വൈക്കം മുഹമ്മദ് ബഷീറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മൗലവി, മുഖദ്ദിമയുടെ പരിഭാഷയുമായി അദ്ദേഹത്തെ സമീപിച്ചു. കൈയെഴുത്ത് പ്രതിയുടെ ചില ഭാഗങ്ങള്‍ ചര്‍ച്ചചെയ്തശേഷം ബഷീര്‍ ആ പരിഭാഷക്ക് ഇങ്ങനെ പേരിട്ടു; ‘മാനുഷ ചരിത്രത്തിന് ഒരു ആമുഖം’. മുഖദ്ദിമയുടെ മറ്റൊരു മലയാള പരിഭാഷ ഇന്നോളം ആരും പുറത്തിറക്കിയിട്ടില്ല എന്നതില്‍നിന്നുതന്നെ മൗലവിയുടെത് എത്രത്തോളം ശ്രമകരമായ കര്‍മമായിരുന്നുവെന്ന് മനസ്സിലാക്കാം. ഇമാം ഗസാലിയുടെ മിശ്കാത്തുല്‍ അന്‍വാറിന് മൗലവി തയാറാക്കിയ പരിഭാഷ 1964ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. Science Enshrined in the Glorious Quran, Science Behind the Miracle, The Challenge, ശാസ്ത്ര-വേദ സംഗമം ഖുര്‍ആനില്‍, ഖുര്‍ആനിലെ ഉപമകള്‍, ഇസ്ലാം ഒരു വിശകലന പഠനം, ഖുര്‍ആന്‍ പാരായണ സഹായി, യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയത് ആര് തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. മലയാളത്തിലും ഇംഗ്ളീഷിലുമായി എഴുതിയ, സമാഹരിക്കപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് ലേഖനങ്ങള്‍ അദ്ദേഹത്തിന്‍േറതായുണ്ട്. സംഗീതം നിഷിദ്ധമാണെന്ന് പറയുന്ന മതപണ്ഡിതന്മാര്‍ക്ക് സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രീയ സംഗീതവും കര്‍ണാടക സംഗീതവും പഠിച്ച മൗലവി നല്ളൊരു ഓടക്കുഴല്‍ വാദ്യക്കാരനായിരുന്നു. പ്രകൃതിയിലെ എല്ലാ വിഷയങ്ങളും പഠിക്കണമെന്ന ഇബ്നു ഖല്‍ദൂന്‍െറ തത്ത്വമാണ് അതിനദ്ദേഹം ആധാരമാക്കിയത്. മുഖ്യധാരാ മതസംഘടനകളിലൊന്നിലും അംഗമാകാതെ എല്ലാവരോടും അടുപ്പവും അകല്‍ച്ചയും പാലിച്ച് ഐക്യത്തെ കുറിച്ച് സംസാരിച്ച് വൈജ്ഞാനിക രംഗത്ത് തന്‍െറ ദൗത്യം നിര്‍വഹിച്ച്, അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ച് ആ പണ്ഡിതവര്യന്‍ കടന്നുപോയി. ആ പ്രതിഭയെ പക്ഷേ, കേരളത്തിന്‍െറ സാംസ്കാരിക മണ്ഡലമോ അദ്ദേഹം അംഗമായ മത പരിസരമോ വേണ്ടത്ര അറിഞ്ഞ് അംഗീകരിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്തില്ല. കക്ഷിത്വങ്ങളെ ആരാധിക്കുന്ന കാലത്ത്, ഒരു രാഷ്ട്രീയ-മത സംഘടനയിലും അംഗത്വമെടുക്കാതിരുന്നതാകാം കാരണം. പ്രമുഖ കൃതികൾ ✅ പരിശുദ്ധ ഖുർ‌ആൻ സമ്പൂർണ്ണ മലയാള പരിഭാഷ, (പ്രസാധനം:ഉമ്മഹാത് പബ്ലിക്കേഷൻസ്.) ഇബ്നു ഖൽദൂന്റെ മുഖദ്ദിമ എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം (1984) ഖുർ ആൻ പാരായണ സഹായി - 1995 താഹാ ബുക്‌സ്, എറണാകുളം മിഷ്‌കാത്തുൽ അൻവാർ : ഇമാം ഗസാലി 1965ൽ ലേഖാ പബ്ലിക്കേഷൻസ് Fact or fallacy Science ENSHRINED IN THE GLORIOUS QURAN SCIENCE BEHIND THE MIRACLE THE CHALLEGE CHALLENGE ന്റെ മലയാള വിവർത്തനം ശാസ്ത്രവേദ സംഗമം. (ഡോ. ബിലാൽ ഫിലിപ്‌സ് തുടങ്ങി യൂറോപ്യൻ നിരൂപകർക്കുള്ള മറുപടി) METHOD IN THE QURAN – 1987 THEORY OF EVOLUTION AND THE QURAN ESSAYS : THOUGHTS ON THE QURAN : EIGHTY ESSAYS Published in the OMAN OBSERVER (2000 – 2003) WASHONGTON SPEECHES : TWENTY LECTURES DELIVERED IN ISLAMIC CANTRE, MARYLAND, U.S.A., READY FOR PUBLICATION, OCTOBER 2003. ഇസ്‌ലാം ഒരു വിശകലന പഠനം ഖുർആനിലെ ഉപമകൾ ആദ്യത്തെ അഞ്ചു സൂക്തങ്ങൾ (ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട് -2001) ഖുർആൻ പഠനത്തിന് പുതിയ മാതൃക പ്രകാശങ്ങളുടെ ദിവ്യമാളം യേശു ക്രൂശിക്കപ്പെട്ടുവോ ?
Posted on: Sun, 30 Nov 2014 03:03:38 +0000

Trending Topics



Recently Viewed Topics




© 2015