പാറാട് യുവാക്കള്‍ ബോംബ് - TopicsExpress



          

പാറാട് യുവാക്കള്‍ ബോംബ് നിര്‍മിച്ചത് എ.പി വിഭാഗം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട്; 4 പേര്‍ റിമാന്‍ഡില്‍ kvartha/2013/10/bomb-blast-4-accused-remanded.html പാനൂര്‍: പാറാട് ബോംബ് നിര്‍മാണത്തിനിടെ നാല് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടയായ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു. ബോംബ് നിര്‍മാണം നടത്തിവന്നത് എ.പി വിഭാഗം സുന്നി പ്രവര്‍ത്തകരെ ആക്രമിക്കാനാണെന്ന വിവരമാണ് പുറത്തുവന്നത്. സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകരും ഇ.കെ വിഭാഗക്കാരുമായ പൊയിലൂരിലെ പൊട്ടന്റവിട ഷഫീഖ്, പൊയ്‌ലൂര്‍ സ്വദേശികളുമായ മന്‍സൂര്‍, കുറ്റിയില്‍ മുസ്തഫ, കുളങ്ങര അഷ്‌റഫ് എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൂഢ പദ്ധതി വെളിച്ചത്തുവന്നത്. ബാംഗ്ലൂരിലായിരുന്ന പ്രതികളെ പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചതായാണ് സൂചന. ബുധനാഴ്ച വൈകിട്ടോടെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊയ്‌ലൂരില്‍ ഇ.കെ-എ.പി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എ.പി വിഭാഗം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് ആക്രമിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന പാനൂര്‍ സി.ഐ ജയന്‍ ഡൊമനിക്ക് മാധ്യമ പ്രവര്‍ത്തകരോട് സൂചിപ്പിച്ചു. പൊയ്‌ലൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. നിരവധി അക്രമ സംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഒടുവില്‍ പാറാട് നടന്ന വോളിബോള്‍ മത്സരത്തിനിടയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന് അറസ്റ്റിലായ ഷഫീഖ് മൊഴി നല്‍കി. സ്‌ഫോടനത്തില്‍ അഫ്‌സല്‍, ജാസിം, മുനവ്വിര്‍, മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയില്‍ കഴിയുകയാണ്. അഫ്‌സലിന്റെ രണ്ട് കൈയ്യും മുറിച്ചു നീക്കേണ്ടി വന്നു. ഇവര്‍ നാലുപേരും അടുത്ത സുഹൃത്തുക്കളാണ്. ഈ ബന്ധമാണ് ബോംബ് നിര്‍മിച്ചു നല്‍കാന്‍ ഷഫീഖിനെ പ്രേരിപ്പിച്ചത്. 800 രൂപ നിരക്കില്‍ 12 ബോംബ് നിര്‍മിച്ചു നല്‍കാനാണ് ഷഫീഖ് അഫ്‌സലിനും ജാസിമിനും കരാര്‍ നല്‍കിയത്. 5,000 രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തിരുന്നു. ഈ തുക കൊണ്ട് ഗുണ്ടുവെടി വാങ്ങിയ ശേഷം അതിലെ വെടിമരുന്ന് ഉപയോഗിച്ച് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബാംബ് നിര്‍മിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിന്റെ നിര്‍മാണത്തിനിടയിലാണ് ബോംബ് പൊട്ടി നാലുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ രണ്ടിനാണ് പാനൂര്‍ പാറാട് പെട്രോള്‍ പമ്പിന് സമീപം ബോംബ് സ്‌ഫോടനം നടന്നത്. കേസില്‍ മൊത്തം ഏഴോളം പ്രതികളുണ്ടെന്നാണ് വിവരം. ബോംബ് നിര്‍മാണത്തിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
Posted on: Thu, 10 Oct 2013 10:08:37 +0000

Trending Topics



Recently Viewed Topics




© 2015