പ്രധാനമന്ത്രി നരേന്ദ്ര - TopicsExpress



          

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി തെരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചത്‌ ആം ആദ്‌മി പാര്‍ട്ടിയെ അക്രമിച്ചുകൊണ്ടും അതിന്റെ നേതാവായ അരവിന്ദ്‌ കെജ്രിവാളിനെ വ്യക്‌തിഹത്യ ചെയ്യുന്ന തരത്തില്‍ സംസാരിച്ചുകൊണ്ടുമായിരുന്നു. ആം ആദ്‌മി പാര്‍ട്ടിയെ നക്‌സല്‍ പ്രസ്‌ഥാനങ്ങളോട്‌ ഉപമിച്ചും കെജ്രിവാളിനോട്‌ കാട്‌ കയറാന്‍ ആവശ്യപ്പെട്ടുമായിരുന്നു ആ പ്രസംഗം മുന്നേറിയത്‌. ബി.ജെ.പിയുടെ മുന്നിലെ രണ്ടു കാര്യങ്ങളാണ്‌ ഈ പ്രസംഗത്തോടെ തെളിഞ്ഞത്‌. ഒന്ന്‌- ആം ആദ്‌മി പാര്‍ട്ടിയെ അവര്‍ സാമൂഹിക അംഗീകാരമുള്ള പ്രതിപക്ഷമായും രാഷ്‌ട്രീയ ബദലായും കാണുന്നു. അതുകൊണ്ടുതന്നെ അക്രമിക്കപ്പെടേണ്ടതും ഇകഴ്‌ത്തപ്പെടേണ്ടതുമായ രാഷ്‌ട്രീയപ്രസ്‌ഥാനമായി അത്‌ ബി.ജെ.പിയുടെ അജന്‍ഡയിലേക്ക്‌ കയറിക്കൂടുന്നു. രണ്ട്‌- അവര്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒരു ശക്‌തിയായോ രാഷ്‌ട്രീയചിത്രത്തിലുള്ള ഒരു എതിരാളിയായോ കാണുന്നില്ല. അണ്ണാ ഹസാരെ അഴിമതിക്കെതിരേ തുടങ്ങി വച്ച രാഷ്‌ട്രീയ മുന്നേറ്റം അതിന്റെ ഔന്നത്യത്തില്‍ എത്തുന്നത്‌ അരവിന്ദ്‌ കെജ്രിവാള്‍ ആം ആദ്‌മി പാര്‍ട്ടി രൂപീകരിക്കുന്നതോടെയാണ്‌. അഴിമതി ഒരു രാഷ്‌ട്രീയ വിഷയമാകുമ്പോള്‍ അത്‌ ഉന്നംവയ്‌ക്കുക രാഷ്‌ട്രീയ ഉദ്യോഗസ്‌ഥ അച്ചുതണ്ടിനെ മാത്രമല്ല. സാധാരണക്കാരുടെ ജീവിതത്തെ അട്ടിമറിക്കാനും നിസാരമാക്കാനും അങ്ങനെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കാനും ശ്രമിക്കുന്ന കോര്‍പറേറ്റുകള്‍ക്കെതിരെയും അത്‌ നീളുമെന്ന്‌ ആം ആദ്‌മി പാര്‍ട്ടിയുടെ ഹ്രസ്വകാല പ്രവര്‍ത്തനങ്ങളും അസ്‌തിത്വവും വ്യക്‌തമാക്കുകയുണ്ടായി. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ രാഷ്‌ട്രീയത്തെ ഉജ്‌ജ്വലമായി പ്രതിഫലിപ്പിച്ച പ്രതീകമായിരുന്നു ചൂല്‌. ഗാന്ധിയുടെ സമരായുധമായി വികസിച്ച ഉപ്പ്‌ പോലെ അത്ര പരിചിതമായ ഒരു രാഷ്‌ട്രീയായുധവും പ്രതീകവുമായിരുന്നു ചൂല്‍. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെയും സാമ്പത്തികമേഖലകളിലെയും പൊതുമണ്ഡലങ്ങളിലെയും അഴുക്കുകള്‍ക്കെതിരേ നീട്ടാവുന്ന ഏറ്റവും ഗാര്‍ഹികമായ ഒരുപകരണം. അതിന്റെ ശേഷി അപാരമാണെന്ന്‌ തിരിച്ചറിയാന്‍ അസാമാന്യ ബുദ്ധിയും രാഷ്‌ട്രീയ വിശകലന ശേഷിയും വേണ്ട. ആം ആദ്‌മി പാര്‍ട്ടിയുടെ അസ്‌തിത്വം നിലവിലെ സാമ്പത്തിക രാഷ്‌ട്രീയ ഉദ്യോഗസ്‌ഥ കൂട്ടുകെട്ടുകള്‍ക്കെതിരായ രാഷ്‌ട്രീയമാകയാല്‍ തന്നെ അതിന്റെ ഉന്മൂലനം അത്തരം ശക്‌തികളുടെ ആവശ്യമാണ്‌. 2014ലെ പൊതുതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിശകലനം ചെയ്‌താല്‍ വളരെ വ്യക്‌തമായി മനസിലാകുന്ന ഒരു കാര്യം സോണിയ രാഹുല്‍ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള പതനമാണ്‌. എന്നിരുന്നാലും ഇന്ത്യന്‍ പ്രതിപക്ഷ നിരകളിലെങ്കിലും സോണിയ രാഹുല്‍ കോണ്‍ഗ്രസ്‌ ഉണ്ടാകേണ്ടത്‌ ഇന്ത്യയില്‍ സജീവമായ കോര്‍പറേറ്റുകളുടെ ആവശ്യമാണ്‌. കാരണം, അവശ്യ സന്ദര്‍ഭങ്ങളില്‍ കോര്‍പറേറ്റ്‌ അനുകൂലവും ജനവിരുദ്ധവുമായ ഒരു തീരുമാനം ഇന്ത്യന്‍ രാഷ്‌ട്രീയമണ്ഡലത്തില്‍ നിന്ന്‌ നേടിയെടുക്കണമെങ്കില്‍ ആ പാര്‍ട്ടിയോളം വിശ്വസിക്കാവുന്ന മറ്റൊന്നും ഇന്നില്ലെന്നത്‌ ഇന്ത്യന്‍ അനുഭവമാണ്‌. നരേന്ദ്രമോഡിയുടെ കീഴിലുള്ള ബി.ജെ.പി. ഭരണകൂടം അഴിമതിക്കെതിരായി കുരിശുയുദ്ധം വാക്കാല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വജനപക്ഷപാതത്തിന്റെയും കോര്‍പറേറ്റ്‌ താല്‍പര്യങ്ങളുടെയും മറനീക്കലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അദാനി നരേന്ദ്രമോഡി ഭരണത്തിനു കീഴില്‍ കൊയ്‌തെടുക്കുന്ന നേട്ടങ്ങള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമേ ആകുന്നുള്ളൂ. കോര്‍പറേറ്റ്‌ അനുകൂല തീരുമാനങ്ങള്‍ എടുക്കുകയും സാധാരണ ജനതയുടെ ജീവിതഭാരം കൂട്ടുകയും ചെയ്യുന്ന മന്‍മോഹന്‍ സാമ്പത്തികത പിന്തുടരുന്നതാണ്‌ നരേന്ദ്ര മോഡിയും ബി.ജെ.പിയും പറയുന്ന ഭരിക്കാന്‍ അറിയാവുന്നവരുടെ രാഷ്‌ട്രീയം. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ആഴങ്ങളിലേക്ക്‌ ഇനിയും ഏറെ ഇറങ്ങിച്ചെല്ലേണ്ടതുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും കോര്‍പറേറ്റ്‌ കൊള്ളകളെ തുറന്നു കാണിക്കുകയും ചെയ്യുന്ന ആം ആദ്‌മി പാര്‍ട്ടിയെ പോലുള്ള ഒരു രാഷ്‌ട്രീയ സംഘടനയുടെ അസ്‌തിത്വം, അതിനാല്‍തന്നെ ഇന്ത്യയുടെ തലസ്‌ഥാനത്ത്‌ കോര്‍പറേറ്റുകളും അവരുടെ ആശ്രിതരായ രാഷ്‌ട്രീയക്കാരും ആഗ്രഹിക്കുന്നില്ല. അഴിമതി രാഷ്‌ട്രീയ വിഷയമാക്കുകയും ഗാന്ധിയന്‍ സമര പാരമ്പര്യത്തെ പിന്തുടരുകയും ജനതയുടെ താല്‌പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ആം ആദ്‌മി പാര്‍ട്ടിയുടെ രാഷ്‌ട്രീയം കോര്‍പറേറ്റ്‌ അനുകൂല രാഷ്‌ട്രീയത്തെ ഇപ്പോഴും വിറളിപിടിപ്പിക്കുന്നു. അതുകൊണ്ട്‌തന്നെയാണ്‌ ഇന്ത്യന്‍ ജനത തിരസ്‌കരിക്കുന്ന നക്‌സല്‍അരാജകവാദത്തോട്‌ ആം ആദ്‌മി പാര്‍ട്ടുടെ സമരപരിപാടികളെയും രാഷ്‌ട്രീയത്തെയും ബി.ജെ.പി. നേതാവ്‌ കൂട്ടിക്കെട്ടുന്നത്‌. ഇത്തരം വക്രീകരണങ്ങള്‍ നടത്തേണ്ടത്‌ കോര്‍പറേറ്റ്‌ താല്‌പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയത്തിന്റെ ആവശ്യമാണ്‌. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും ശ്രദ്ധിക്കപ്പെട്ട അരവിന്ദ്‌ കെജ്രിവാളിനെ പോലൊരാളെ നുണയില്‍ പ്രവീണനായ ഒരാളെന്ന നിലയില്‍ അവതരിപ്പിക്കുമ്പോള്‍ അത്തരത്തില്‍ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ആള്‍ക്ക്‌ അരവിന്ദ്‌ കെജ്രിവാള്‍ പ്രചരിപ്പിച്ച നുണകളെ കുറിച്ചും പറയാന്‍ ബാധ്യതയുണ്ട്‌. അത്‌ പ്രസംഗശൈലിയുടെ പ്രശ്‌നം മാത്രമല്ല, രാഷ്‌ട്രീയസത്യസന്ധതയുടെ പ്രശ്‌നം കൂടിയാണ്‌. ശുദ്ധ ഭാരത നാടകങ്ങളിലൂടെ ചൂല്‍ എന്ന സമരായുധവും പ്രതീകവും പിടിച്ചെടുക്കാനാണ്‌ നരേന്ദ്ര മോഡിയും സംഘവും ശ്രമിച്ചത്‌. 2014 മെയ്‌ മാസത്തിനു മുന്‍പുള്ള രാഷ്‌ട്രീയ അര്‍ത്ഥം ചൂലിനില്ലാതാക്കുക എന്നതായിരുന്നു ഉദ്ദേശം. അതിനെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഉപകരണം എന്ന സാമ്പ്രദായിക അര്‍ഥത്തിലേക്ക്‌ പുനരാനയിക്കാനാണ്‌ മോഡി ശ്രമിച്ചത്‌. ഉള്‍ക്കൊണ്ട്‌ നിരര്‍ഥകമാക്കുക എന്ന സംഘപരിവാര്‍ രാഷ്‌ട്രീയ തന്ത്രത്തിന്റെ ഏറ്റവും സമകാലികമായ അധ്യായമാണ്‌ നരേന്ദ്ര മോഡി ചൂല്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ട്‌ രചിക്കാന്‍ തുനിഞ്ഞത്‌. പക്ഷെ, അരവിന്ദ്‌ കെജ്രിവാള്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയം അധികാരത്തിന്റെയും സ്വീകാര്യതയുടെയും ഉത്തുംഗങ്ങളില്‍ ഇരിക്കുമ്പോഴും കോര്‍പറേറ്റ്‌ രാഷ്‌ട്രീയത്തെയും അതിന്റെ വക്‌താക്കളെയും ഭയപ്പെടുത്തുന്നു എന്നത്‌ സത്യസന്ധമായി വെളിപ്പെടുത്തുന്ന തെളിവായി മാറുന്നു മോഡിയുടെ ഡല്‍ഹി പ്രസംഗം. - See more at: mangalam/opinion/271300#sthash.0X3cAaOR.dpuf
Posted on: Tue, 13 Jan 2015 04:09:08 +0000

Trending Topics



Recently Viewed Topics




© 2015