മുഖ്യമന്ത്രി - TopicsExpress



          

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ണൂര്‍സംഭവത്തിന്റെ പേരില്‍ എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ നടത്തുന്ന കുപ്രചാരണം പൊളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ചമച്ച തിരക്കഥ അനുസരിച്ച് ആസൂത്രണംചെയ്തതാണ് സംഭവമെന്ന് വ്യക്തമായി. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദ് കല്ലെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവിധി ക്രിമിനല്‍കേസിലെ പ്രതിയായ ഇയാള്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്തയാളാണ്. ഇങ്ങനെയുള്ളയാള്‍ അവിടെ എങ്ങനെ വന്നെന്ന് പരിശോധിക്കാനോ അയാളെ ചോദ്യംചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. പകരം ഇരുനൂറോളം എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എല്‍ഡിഎഫ് സമരത്തിനിടെ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി അക്രമം നടത്തുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നത് ബോധപൂര്‍വമാണ്. വഴി ക്ലിയര്‍ചെയ്തശേഷമേ വിവിഐപിയായ മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ പാടുള്ളൂ. സമരം നടത്തുന്ന പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് നീക്കാന്‍ പൊലീസ് തയ്യാറായില്ല. ജനക്കൂട്ടത്തിനിടയിലൂടെ സാവധാനത്തിലാണ് മുഖ്യമന്ത്രിയുടെ കാര്‍ പോയത്. ഇത്തരം അവസരത്തില്‍ സുരക്ഷയൊരുക്കി കാറിനെ വലയംചെയ്ത് റിങ് റൗണ്ട് പൊലീസ് ഉണ്ടാകണം. ഇത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത് ആരാണ്. കാറില്‍ ഗണ്‍മാന്റെ സീറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സിദ്ദിക്കിനെ ഗണ്‍മാന്റെ സീറ്റില്‍ ഇരുത്തിയത് എന്തിന്? സുരക്ഷാപാളിച്ച സൃഷ്ടിച്ചത് കോണ്‍ഗ്രസുകാര്‍ക്ക് കുഴപ്പം ഉണ്ടാക്കാനാണ്. കല്ലെറിയുന്നതും മന്ത്രിമാരെ ആക്രമിക്കുന്നതും എല്‍ഡിഎഫ് ശൈലിയല്ല. കോണ്‍ഗ്രസിന്റേതാണ്. ചീഫ് വിപ്പ്‌ പി സി ജോര്‍ജിനെ കല്ലും ചീമുട്ടയും എറിഞ്ഞ കോണ്‍ഗ്രസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കണ്ണൂര്‍സംഭവത്തില്‍ കോണ്‍ഗ്രസുകാരുടെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. പൊലീസുകാരുടെ വലിയ വ്യൂഹമുള്ള പൊലീസ് ക്ലബ്ബിനു സമീപമാണ് സംഭവം നടന്നത്. എന്നിട്ടും എന്തുകൊണ്ട് പൊലീസ് ഇത് തടഞ്ഞില്ല? എല്‍ഡിഎഫ് പ്രവര്‍ത്തകര്‍നിന്നിരുന്ന ഭാഗത്തുനിന്നല്ല കല്ലേറ് ഉണ്ടായതെന്നും തെളിഞ്ഞു. സോളാര്‍തട്ടിപ്പു കേസില്‍ മുഖം നഷ്ടപ്പെട്ട് ജനങ്ങളാല്‍ വെറുക്കപ്പെട്ട ഉമ്മന്‍ചാണ്ടി, സഹതാപതരംഗം ഉണ്ടാക്കി രക്ഷപ്പെടാമോ എന്ന് നോക്കുകയാണ്. ഇത്തരം ചെപ്പടിവിദ്യകളൊന്നും വിലപ്പോകില്ല. കൂടുതല്‍ കളങ്കിതനായിരിക്കുന്ന ഉമ്മന്‍ചാണ്ടി ഒരു നിമിഷം വൈകാതെ രാജിവെക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഉപരോധസമരം സംസ്ഥാനത്ത് ഇനിയും ശക്തമായ രീതിയില്‍ തുടരും.
Posted on: Thu, 31 Oct 2013 02:05:06 +0000

Trending Topics



Recently Viewed Topics




© 2015