രിശ് കിടക്കുന്ന - TopicsExpress



          

രിശ് കിടക്കുന്ന തലച്ചോറ്: കേട്ടുകേള്‍വിയും യാഥാര്‍ത്ഥ്യവും July 31, 2014 കൗതുകങ്ങള്‍, ലളിതശാസ്ത്രം No comments നമ്മള്‍ നമ്മുടെ തലച്ചോറിന്റെ ശേഷിയുടെ 10%-ല്‍ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ! സ്വന്തം ബുദ്ധിശക്തി കൊണ്ട് ലോകത്തെ ഞെട്ടിച്ച ഐന്‍സ്റ്റൈന്‍ പോലും സ്വന്തം തലച്ചോറിന്റെ 15% മാത്രമാണ് ഉപയോഗിച്ചതത്രേ. അപ്പോ ആ ബാക്കി 90 ശതമാനം കൂടി ഉപയോഗിക്കാന്‍ കഴിഞ്ഞാലോ? പല അത്ഭുതങ്ങളും പുല്ല് പോലെ സാധിക്കും! brainഈ ലൈനില്‍ തലച്ചോറിന്റെ ഉപയോഗത്തിന്റെ ഒരു ശതമാനക്കണക്ക് ഒരുപാടിടത്ത് കേള്‍ക്കാറുണ്ട്. (ചിലയിടത്ത് 10% എന്നത് 6% -മോ 8%-മോ ഒക്കെ ആകും) ചില സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ ഈ ബാക്കി 90 ശതമാനം ഉപയോഗിച്ച് ഭാവിയും ഭൂതവുമൊക്കെ പ്രവചിക്കുന്നതും, ദൂരെ നടക്കുന്ന കാര്യങ്ങള്‍ ടീവിയില്ലാതെ തന്നെ ലൈവായി കാണുന്നതും ഒക്കെ കാണിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലാണെങ്കില്‍, മാന്ത്രിക്-താന്ത്രിക് വിദ്യ കൊണ്ട് തലച്ചോറിനെ ഉദ്ദീപിപ്പിക്കാന്‍ പഠിപ്പിക്കുന്ന ചില ‘ആചാര്യന്‍മാരുടെ’ പ്രധാന പിടിവള്ളി കൂടാണ് ഈ കണക്ക്. സംഗതി എന്തായാലും വളരെ പോപ്പുലറായ ഒരാശയമാണ് ഈ ‘ഉപയോഗിക്കപ്പെടാത്ത തലച്ചോറ്’ എന്നത്. ഇനി ചോദിക്കട്ടെ, ശരിക്കും നമ്മുടെ തലച്ചോറ് ഇങ്ങനെ മുക്കാലും തരിശ് കിടക്കുന്ന ഒരു സാധനമാണോ? അല്ല! അല്ല! ഏതാണ്ട് മുഴുവന്‍ സമയവും 100% പ്രവര്‍ത്തനനിരതമായിരിക്കുന്ന അവയവമാണ് നമ്മുടെ തലച്ചോറ്. അതിന്റെ പത്ത് ശതമാനം മാത്രമാണ് ശരാശരി ഉപയോഗിക്കപ്പെടുന്നത് എന്നത് ലോകത്ത് ഏറ്റവും പ്രചാരമുള്ള തെറ്റിദ്ധാരണകളില്‍ ഒന്നാണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ ആശയത്തെ ഇന്നും നമുക്ക് മോട്ടിവേഷണല്‍ പുസ്തകങ്ങളിലും (ഈ കാണുന്നതൊന്നുമല്ല നിങ്ങള്‍, സത്യത്തില്‍ നിങ്ങളൊരു പുലിയാണ് എന്ന് സ്ഥാപിക്കലാണല്ലോ അത്തരം പുസ്തകങ്ങളുടെ ലക്ഷ്യം) പ്രസംഗങ്ങളിലും ഒക്കെ നിരന്തരം കേള്‍ക്കാം, നമ്മള്‍ പലപ്പോഴും തെറ്റാണെന്നറിയാതെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്ത് ചെയ്യാം, കേള്‍ക്കാന്‍ സുഖമുള്ളതെല്ലാം സത്യമാകണമെന്നില്ല, സത്യങ്ങള്‍ പലപ്പോഴും കേള്‍ക്കാന്‍ സുഖമുള്ളതാകണമെന്നുമില്ല. ഈ തെറ്റിദ്ധാരണ ആദ്യം തുടങ്ങിവിട്ടത് ആരാണെന്ന് കൃത്യമായി പറയാന്‍ വയ്യെങ്കിലും (അതങ്ങനല്ലേ വരൂ!) മിക്കവാറും ഗവേഷകര്‍ ഇതിന്റെ കുറ്റം വില്യം ജെയിംസ് എന്ന അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്റെ മേലെയാണ് കെട്ടിവെക്കുന്നത്. 1890′കളില്‍ അത്യധികം ഉയര്‍ന്ന ഐ.ക്യൂ. ശേഷി വഴി ശ്രദ്ധയാകര്‍ഷിച്ച വില്യം സിഡിസ് എന്ന ബാലനെ പഠയവിധേയമാക്കി അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനമാണ് ആദ്യമായി ഈ ആശയത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. ആളുകള്‍ സ്വന്തം മാനസികശേഷിയുടെ വളരെക്കുറച്ച് മാത്രമേ സാധാരണഗതിയില്‍ ഉപയോഗിക്കുന്നുള്ളു എന്നും സിഡിസിനെപ്പോലുള്ള പ്രതിഭകള്‍ താരതമ്യേന കൂടുതല്‍ ഉപയോഗപ്പെടുത്തുന്നു എന്നേയുള്ളു എന്നും അദ്ദേഹം തന്റെ The Energies of Men എന്ന പുസ്തകത്തില്‍ പറഞ്ഞു. ആ ആശയത്തിന് അന്നത്തെക്കാലത്ത് നല്ല പ്രചാരവും കിട്ടി. പിന്നീട് 1936-ല്‍ ലോവല്‍ തോമസ് എന്ന എഴുത്തുകാരന്‍ മറ്റൊരിടത്ത് ഇതേക്കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ് ഒരു പത്ത് ശതമാനത്തിന്റെ കണക്ക് കൂടി അതില്‍ കേറിക്കൂടിയത്. (ഈ പത്ത് എന്ന സംഖ്യ മൂപ്പര്‍ കൈയില്‍ നിന്നിട്ടതാണോ എവിടന്നെങ്കിലും കേട്ടെഴുതിയതാണോ എന്ന് വ്യക്തമല്ല) അവിടന്നങ്ങോട്ട് സൈക്കിക്കുകളും പാരാനോര്‍മല്‍ പ്രതിഭാസങ്ങളുടെ വക്താക്കളും തങ്ങളുടെ കിടുപിടി പരിപാടികളെ വെള്ളപൂശി സയന്റിഫിക് ആക്കുന്നതിനായി ഈ സിദ്ധാന്തത്തെ ഉപയോഗിക്കാന്‍ തുടങ്ങി. പിന്നെ പറയണ്ടല്ലോ, ഇത്തരം അന്ധവിശ്വാസങ്ങളുമായി കൂടിക്കലര്‍ന്നുകഴിഞ്ഞാല്‍ പിന്നെ ഒരു ആശയത്തെ എന്തൊക്കെ തെളിവുകള്‍ നിരത്തി ഖണ്ഡിച്ചാലും തുടച്ച് മാറ്റാന്‍ കഴിയില്ല. അത് തന്നെ ഇതിനും സംഭവിച്ചു! ന്യൂറോസയന്‍സ് വിദഗ്ദ്ധര്‍ ഈ ആശയത്തെ തെറ്റാണെന്ന് മാത്രമല്ല പരിഹാസ്യമെന്നാണ് വിശേഷിപ്പിക്കുന്നത്. അതിലെ പരിഹാസ്യത തിരിച്ചറിയാന്‍ താഴെപ്പറയുന്ന വസ്തുതകള്‍ സഹായിക്കും. ►തലച്ചോറ് അല്ലെങ്കില്‍ മസ്തിഷ്കം എന്നത് നമ്മുടെ ശരീരത്തില്‍ ഏറ്റവും വിലപിടിപ്പുള്ള അവയവമാണ്. ശരീരഭാരത്തിന്റെ വെറും 2-3% മാത്രമേ ഉള്ളൂ എങ്കിലും ശരീരത്തിന്റെ മൊത്തം ഊര്‍ജ ബജറ്റിന്റെ 2൦ ശതമാനവും ഈ വീ.ഐ.പി.യെ തീറ്റിപ്പോറ്റുന്നതിനാണ് ചെലവാക്കപ്പെടുന്നത്[1]. ഇതില്‍ 90 ശതമാനവും അധികപ്പറ്റായിരുന്നു എങ്കില്‍ പരിണാമപ്രക്രിയയുടെ വഴിയില്‍ പ്രകൃതി നിര്‍ദ്ധാരണം വഴി ഇതിനകം ചുരുങ്ങി ലോപിച്ച ഒരു തലച്ചോറാകുമായിരുന്നു നമ്മുടെ തലയില്‍. ഇത്തരം വിലയേറിയ ആഡംബരങ്ങളെ പരിണാമം വെച്ചുപൊറുപ്പിക്കുമായിരുന്നില്ല. (പരിണാമത്തിലൂടെ ഇത്രയധികം അനാവശ്യദ്രവ്യം അടങ്ങിയ ഒരു തലച്ചോറ് ഉരുത്തിരിയുമോ എന്നത് മറ്റൊരു ചോദ്യം) ►തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തല്‍സമയം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ ഇന്ന് നിലവിലുണ്ട്. Functional Magnetic Resonance Imaging (fMRI), Positron Emission Tomography (PET) തുടങ്ങിയവ ഉപയോഗിച്ചുള്ള പരിശോധനകള്‍ വ്യക്തമാക്കുന്നത് ഉറങ്ങുന്ന സമയത്ത് പോലും തലച്ചോറിന്റെ എല്ലാ ഭാഗവും ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തനനിരതമാണ് എന്നാണ്. ചില ഭാഗങ്ങള്‍ ചില നേരത്ത് മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആക്റ്റീവ് ആയിരിക്കാം എന്നേയുള്ളു. ഏതെങ്കിലും രീതിയില്‍ ഗുരുതരമായ കേടുപാടുകള്‍ പറ്റിയിട്ടുള്ള ഭാഗങ്ങള്‍ മാത്രമേ അവിടെ ‘പൂര്‍ണ നിശ്ശബ്ദത’ പാലിക്കുന്നുണ്ടാകൂ. brain-map തലച്ചോറിന്റെ മാപ്പ് ►തലച്ചോറില്‍ പല ‘ഡിപ്പാര്‍ട്ട്മെന്റുകളും’ പല ഭാഗങ്ങളിലുള്ള ‘ഓഫീസുകളിലാണ്’ പ്രവര്‍ത്തിക്കുന്നത്. അതായത് ഒരു ഭാഗം കാഴ്ചയുടേത്, വേറൊരു ഭാഗം കേള്‍വിയുടേത്, ഒരു ഭാഗം ഓര്‍മ്മയുടേത് എന്നിങ്ങനെ തലച്ചോറിന്റെ പല ഭാഗങ്ങളും പല ഏരിയായില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നവയാണ്. ദശാബ്ദങ്ങളുടെ ഗവേഷണഫലമായി പലവിധ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന മസ്തിഷ്കഭാഗങ്ങളെ മാപ്പ് ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ സര്‍ക്കാരുകള്‍ക്കുള്ളതുപോലെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഓഫീസുകളൊന്നും ഇതുവരെ തലച്ചോറില്‍ കണ്ടുപിടിച്ചിട്ടില്ല. ►തലച്ചോറിലെ ഒരു പ്രത്യേക നാഡീകോശത്തെ മാത്രം തെരെഞ്ഞെടുത്ത് അതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള Single-unit recording എന്ന സാങ്കേതികവിദ്യ പോലും ഇന്നുണ്ട്. മനുഷ്യമസ്തിഷ്കത്തിന്റെ ആജ്ഞ നേരിട്ട് സ്വീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന Brain-Machine Interface ഇതിനകം സാധ്യമാക്കിയതും ഈ സാങ്കേതികവിദ്യയുടെ വ്യാപകമായ പ്രയോഗം വഴിയാണ്. ഉപയോഗിക്കപ്പെടാത്ത എന്തെങ്കിലും ഭാഗം തലച്ചോറിന് ഉണ്ടായിരുന്നെങ്കില്‍ ഈ സാങ്കേതികവിദ്യയുടെ കണ്ണിലും പെട്ടേനെ. ►തലച്ചോറിന് സംഭവിക്കുന്ന ചെറിയ തകരാറുകള്‍ പോലും ശരീരത്തില്‍ സാരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. അവിടെ 90% വരുന്ന ഉപയോഗത്തിലില്ലാത്ത ഭാഗങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ മസ്തിഷ്കക്ഷതം ഇത്ര ഗൗരവകരമായ ഒരു അവസ്ഥയാകുമായിരുന്നില്ല. ►മസ്തിഷ്ക കോശങ്ങള്‍, അവ ഉപയോഗിക്കപ്പെടാതിരിക്കുന്ന പക്ഷം മുരടിച്ച് പോകാനുള്ള പ്രവണത കാണിക്കുന്നുണ്ട് (tendency to degenerate). 90 ശതമാനം ഉപയോഗിക്കപ്പെടാതെ കിടന്നിരുന്നുവെങ്കില്‍ പോസ്റ്റ്-മോര്‍ട്ടം (autopsy) നടത്തപ്പെടുന്ന എല്ലാ മുതിര്‍ന്ന ശരീരങ്ങളിലും കാണപ്പെടുന്നത് ഭൂരിഭാഗവും നശിച്ചുപോയ മസ്തിഷ്കമായിരുന്നേനെ. തലച്ചോറിനെക്കുറിച്ചുള്ള പഠനങ്ങളില്‍ ഇനിയും മനസിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ഒരുപാടുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. (“ഹാവൂ! ആശ്വാസമായി. ഞങ്ങടെ അന്ധവിശ്വാസങ്ങളെ സ്വസ്ഥമായി ഇരുത്താന്‍ ഒരു ഗ്യാപ്പ് കിട്ടിയല്ലോ” എന്ന് ചിലരുടെയെങ്കിലും മനസ് പറയുന്നുണ്ടാകും). ഉദാഹരണത്തിന് ഒരേ ധര്‍മം നിര്‍വഹിക്കുന്ന കോശങ്ങള്‍ക്ക് തലച്ചോറില്‍ അടുത്തടുത്ത് കൂടിച്ചേര്‍ന്ന് കാണപ്പെടാന്‍ (clustering) ഒരു പ്രവണതയുണ്ട്. ഇതിന്റെ രഹസ്യം ഇനിയും വ്യക്തമല്ല. മാത്രമല്ല, ‘ബോധം’ എന്നത് തലച്ചോറിന്റെ ഏതെങ്കിലും പ്രത്യേകഭാഗത്ത് സ്ഥിതി ചെയ്യുന്നതായി ഇതുവരെ കാണപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മുഴുവന്‍ മസ്തിഷ്കകോശങ്ങളുടേയും കൂടി ഒരു സമന്വയമാണ് ബോധം ഉണ്ടാക്കുന്നത് എന്നതാണ് ഇപ്പോഴത്തെ നിഗമനം. (ബോധം തലച്ചോറിലല്ല, ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് കരുതപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു) എന്തായാലും സാങ്കേതികവിദ്യയുടെ വളര്‍ച്ച ഈ രഹസ്യങ്ങളൊക്കെ വേഗത്തില്‍ ചുരുളഴിക്കാന്‍ നമ്മെ സഹായിക്കുമെന്നുവേണം കരുതാന്‍. വാല്‍ക്കഷണം-പാവം ഐന്‍സ്റ്റൈന് ഇവിടെയും കിടക്കപ്പൊറുതിയില്ല. പതിവ് പോലെ സകല ഏടാകൂടങ്ങളും കൊണ്ട് കയറ്റാന്‍ പറ്റിയ ഒരു ചാഞ്ഞ മരം എന്നപോലെ തലച്ചോറിന്റെ ശതമാനക്കണക്കും നേരെ മൂപ്പരുടെ തലയില്‍ കൊണ്ട് കെട്ടപ്പെട്ടു. എന്തായാലും നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ജീനിയസുകളില്‍ ഒരാള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ തലച്ചോറ്, മരിച്ച് ഏഴര മണിക്കൂറിനകം നീക്കം ചെയ്യപ്പെടുകയും വ്യാപകമായി പഠനവിധേയമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. (അത് സമ്മതത്തോടെയായിരുന്നോ അല്ലയോ എന്ന വിവാദം നിലനില്‍ക്കുന്നുണ്ട്.) അതിനെപ്പറ്റി ഇവിടെ വായിക്കാം. അവലംബങ്ങള്‍ Why Does the Brain Need So Much Power? Do People Only Use 10 Percent of Their Brains? Are you really only using 10 percent of your brain? How the “10 Percent of Our Brains” Myth Started (And Why It’s Wrong) The Ten-Percent Myth Top ten myths about the brain
Posted on: Thu, 31 Jul 2014 15:22:44 +0000

Trending Topics



Recently Viewed Topics




© 2015